കണ്ണൂര്‍: കോര്‍പ്പറേഷനില്‍ ദിവസവരുമാനം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം ജില്ലാ കമ്മറ്റി നേരിട്ട് നീക്കം ആരംഭിച്ചതായി സൂചന. ചരിത്രത്തിലാദ്യമായി അധികാരം ലഭിച്ച കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനത്തില്‍ നടന്ന പണം തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണം ഉയരുകയും ഇതിനുത്തരവാദി പാര്‍ട്ടി അനുകൂല ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തകനാണെന്നതുമാണ് സിപിഎം ജില്ലാ നേതൃത്വം തന്നെ മുന്‍കയ്യെടുത്ത് പ്രശ്‌നം ഒതുക്കാന്‍ ശ്രമം നടക്കുന്നത്. പണം തിരിമറി നടന്ന് മാസങ്ങള്‍ കഴിഞ്ഞ് മാത്രം പ്രതികരിച്ച യുഡിഎഫ് നേതൃത്വവും സാവധാനം ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. തിരിമറി നടന്ന കാലഘട്ടത്തില്‍ ഡെപ്യൂട്ടി മേയറായിരുന്നത് ലീഗിലെ സി.സമീറായിരുന്നു. അതു കൊണ്ടു തന്നെ അന്ന് ഇതിനെതിരെ നടപടിയെടുക്കാതിരുന്ന സമീറടക്കമുളളവര്‍ ഇപ്പോഴത്തെ ആരോപണം സംബന്ധിച്ച് അന്വേഷണം വന്നാല്‍ കുടുങ്ങും എന്നതിനാലാണ് സംഭവം സംബന്ധിച്ച് സിപിഎമ്മുമായി സമവായത്തിലെത്താനും കേസ് ഒതുക്കി തീര്‍ക്കാനും നീക്കം നടക്കുന്നത്.
കാഷ്യര്‍ ദിവസവും വൈകുന്നേരം അന്നന്ന് ലഭിക്കുന്ന വരുമാനം അക്കൗണ്ടന്റിനെ ഏല്‍പിക്കുകയാണ് പതിവ്. അത് പിന്നീട് അക്കൗണ്ടന്റ് സുപ്രണ്ടിന്റെ അനുമതിയോടെ ബാങ്കില്‍ നിക്ഷേപിക്കുന്നു. പക്ഷേ കഴിഞ്ഞ ഫെബ്രുവരി 13ന് ലഭിച്ച തുക ബാങ്കില്‍ അടയ്‌ക്കാതെ ക്യാഷറും, അക്കൗണ്ടന്റും, സൂപ്രണ്ടും കൂടി തിരിമറി നടത്തുകയായിരുന്നു. ഇത് ഓഡിറ്റ് വിഭാഗം അഞ്ച് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തുകയും കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്‌ക്കുകയും ചെയ്തിരുന്നു.
ഇടത്പക്ഷ അനുകൂല സംഘടനയില്‍ പെട്ടവരായ ജീവനക്കാരെ കൊണ്ട് സിപിഎം നേതാക്കള്‍ ഇടപെട്ട് കഴിഞ്ഞ 26 ന് ബാങ്കില്‍ പണം അടച്ച് ജീവനക്കാരെ രക്ഷപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. പലിശയും പിഴപ്പലിശയും അടയ്‌ക്കണമെന്ന് ഓഡിറ്റ് വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാഷര്‍ നിലവില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരിക്കുന്ന ഒരാളുടെ സഹോദരനാണ്.
ആരോപണ വിധേയരായ ജീവനക്കാരെ ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം നേതാക്കള്‍ ഇടപെട്ട് സസ്‌പെന്റ് ചെയ്യാതെ നിലനിര്‍ത്തുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്. കണ്‍കറന്റ് ഓഡിറ്റിംഗ് നടക്കുന്ന സ്ഥാപനമായതിനാല്‍ തന്നെ ജോലിയില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ ജീവനക്കാരെയും ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്നാണ് ചട്ടം. ആരോപണ വിധായരായ സൂപ്രണ്ടും, അക്കൗണ്ടന്റും ഉള്‍പ്പെടെയുള്ളവര്‍ ഭരണാനുകൂല സംഘടനയുടെ ജില്ലാ നേതാക്കളായതിനാല്‍ തന്നെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണ്. നിലവിലുള്ള സെക്രട്ടറി കാസര്‍കോട് നഗരസഭയില്‍ ജോലി ചെയ്യുന്ന സമയത്ത് കണക്കുകളിലെ തിരിമറിയുടെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വ്യക്തിയാണ്. പണാപഹരണത്തില്‍ ക്യാഷറെ മാത്രം സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ നഗരസഭാ-കോര്‍പ്പറേഷന്‍ വരുമാനം തിരിമറി നടത്തിയതായ സംശയവും ബലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനകത്ത് ഇത്തരം പണം തിരിമറികള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
















