ശൃംഗിവേരപുരത്ത് ഗംഗാതീരത്ത് ഭരതൻ സൈന്യവുമായി വന്നുചേർന്നപ്പോൾ ഗുഹനാകെ സംശയിച്ചു. കാരണം ശ്രീരാമ, സീതാ ലക്ഷ്മണന്മാരെ ഗംഗകടത്തിവിട്ടിട്ട് അധികദിവസമായിട്ടില്ല. ഇനി വനത്തിലും അദ്ദേഹത്തിനെ ഉപദ്രവിക്കുവാനാണോ ഭരതന്റെ ഉദ്ദേശ്യമെന്ന് ആലോചിച്ചു. ഏതായാലും പടയൊരുങ്ങിനിന്നുകൊള്ളുവാൻ കൽപ്പന നൽകി. ശ്രീരാമദേവനെ ഏതിർക്കാനാണെങ്കിൽ അവർ ഒരടിമുന്നോട്ടുവയ്‌ക്കില്ല.
അതല്ലാഭാവമെങ്കിൽ ഗംഗ കടത്തിവിടാം. ഇങ്ങനെയുള്ള ചിന്തയുമായി ഗുഹൻ ഭരതന്റെ സമീപമെത്തി. ഒരുനോട്ടത്തിൽതന്നെ ഭരതനെ ഗുഹൻ മനസ്സിലാക്കി. കാഴ്ചദ്രവ്യങ്ങളുമായി കാൽക്കൽ വീണുനമിച്ചു. കറുത്ത് മരവുരിധരിച്ച് സുബ്രഹ്മണ്യനെപ്പോലെ മഹാവീരൻ. അനുജൻ ശത്രുഖ്നനുമായി കാമദേവനെപ്പോലുള്ള ഭരതനോട് ഞാൻ ഗുഹനാണെന്ന് പരിചയപ്പെടുത്തി. ഗുഹനെ ഭരതൻ വാരിപ്പുണർന്നു. എന്നിട്ട് സുഖമല്ലേ എന്നുചോദിച്ചു. നീ ഭാഗ്യവാൻതന്നെ.
കാരണം രാമൻ നിന്നെ ആലിംഗനംചെയ്തില്ലേ. ലക്ഷ്മീദേവിക്കുമാത്രം കിട്ടിയഭാഗ്യമാണ് നിനക്കും ഇന്നുണ്ടായത്. നീ ലോകത്തിൽ ധന്യൻതന്നെ.
















