ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനാവാൻ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാകുകയുള്ളൂ. ശ്രദ്ധ ഉണ്ടാകുകയുള്ളൂ. നമ്മിൽ ഒരു കുട്ടിയുണ്ട്. അത് ഉറങ്ങിക്കിടക്കുകയാണ് എന്നു മാത്രം. അതിനെ ഉണർത്തണം.
ഇപ്പോഴുള്ള ‘ഞാൻ’ അഹങ്കാരത്തിന്റെ സൃഷ്ടിയാണ്. എന്നാൽ,’ഉറങ്ങിക്കിടക്കുന്ന കുട്ടി’ ഉണർന്നു കഴിയുമ്പോൾ, നിഷ്‌കളങ്കത താനേ വരും. ഏതിൽ നിന്നും പാഠങ്ങൾ ഗ്രഹിക്കുവാനുള്ള ആഗ്രഹം വരും. അപ്പോൾ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മിലെ ആ കുട്ടി വളരുമ്പോൾ ക്ഷമയും ശ്രദ്ധയും നമ്മളിൽ നിറയും. പഴയ ‘ഞാനി’ന്, അഹങ്കാരത്തിന്റെ സൃഷ്ടിയായ’ഞാനി’ന്, പിന്നെ അവിടെ വസിക്കാൻ ഇടം കിട്ടില്ല.
എപ്പോഴും ആ തുടക്കക്കാരന്റെ ഭാവമാണ് മക്കൾക്ക് ഉണ്ടാവേണ്ടത്. എങ്കിൽ, ഏതിൽ നിന്നും എന്തിൽ നിന്നും ഏത് അവസരത്തിലും പാഠങ്ങൾ പഠിക്കുവാൻ മക്കൾക്ക് സാധിക്കും. തുടക്കക്കാരന്റെ ഈ ഭാവം ജീവിതത്തിൽ ഉടനീളം നിലനിർത്താൻ മക്കൾ ശ്രമിക്കണം. അതുകൊണ്ട് നേട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ.
















