ആന്റിഗ്വ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്. ഇന്ത്യയുടെ വൻ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരെ 243 റണ്ണിനു പുറത്തായ വിൻഡീസ്, ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാമിന്നിങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റൺസിൽ. സ്‌കോർ: ഇന്ത്യ – 566/8 ഡിക്ല., വെസ്റ്റിൻഡീസ് – 243, 76/2.
പേസർമാരായ മുഹമ്മദ് ഷാമിയുടെയും ഉമേഷ് യാദവിന്റെയും നാലു വിക്കറ്റ് പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് ആദ്യ ഇന്നിങ്‌സിൽ മികച്ച ലീഡ് സമ്മാനിച്ചത്. ഉമേഷ് 18 ഓവറിൽ 41 റൺസിന് നാല് വിക്കറ്റെടുത്തപ്പോൾ, ഷാമി 20 ഓവറിൽ 66 റൺസിന് നാല് ഇരകളെ കണ്ടെത്തി. ശേഷിച്ച രണ്ടു വിക്കറ്റ് അമിത് മിശ്രയ്‌ക്ക്. ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (74) വിൻഡീസ് ടോപ് സ്‌കോറർ.
വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഷെയ്ൻ ഡൗറിച്ചും (57 നോട്ടൗട്ട്) അർധശതകം തികച്ചു. നായകൻ ജേസൺ ഹോൾഡർ (36), റോസ്റ്റൺ ചേസ് (23) എന്നിവരും പിന്തുണ നൽകി.
രണ്ടാമത് ബാറ്റ് ചെയ്യാതെ എതിരാളികളെ ഫോളോഓൺ ചെയ്യിക്കാനുള്ള ഇന്ത്യൻ നായകന്റെ തീരുമാനത്തെ ബൗളർമാർ ന്യായീകരിച്ചു. ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോറർ ബ്രാത്ത്‌വെയ്റ്റിനെയും (രണ്ട്), ഡാരൻ ബ്രാവൊയെയും (10) മടക്കി മേൽക്കൈ നൽകി അവർ. ബ്രാത്ത്‌വെയ്റ്റിനെ ഇഷാന്തും ബ്രാവൊയെ ഉമേഷും തിരിച്ചയച്ചു.
















