കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ ലക്ഷദ്വീപിനോട് തികച്ചും ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ലക്ഷദ്വീപ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. എം. കോയമ്മകോയ പറഞ്ഞു. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് സന്ദർശിക്കുവാനെത്തിയതായിരുന്നു അദ്ദേഹം. കവരത്തി ദ്വീപിനെ സ്മാർട്ട് സിറ്റിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നാലു പുതിയ കപ്പലുകളും അനുവദിച്ചിട്ടുണ്ട്. കടൽവെള്ളം ശുദ്ധീകരിച്ച് ആറു ദ്വീപുകളിലേക്ക് നൽകുന്നതിനുള്ള നടപടിയും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനതക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണിത്.
നിലവിൽ കവരത്തിയിലും മിനിക്കോയിയിലും മാത്രമാണ് കടൽ വെള്ളം ശുദ്ധീകരിക്കുവാനുള്ള സംവിധാനമുള്ളത്.
ആന്ത്രോത്ത്, കൽപേനി, അഗത്തി, അമിനി, കിൽത്താൻ, ചേത്തലാത്ത് ദ്വീപുകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. കടൽവെള്ളത്തിന് കൂടുതൽ കട്ടിയുള്ളതിനാൽ ചൂടാക്കിയാൽപ്പോലും കാൽസ്യത്തിന്റെ അംശം കൂടുതലായിരിക്കും. ഇതുകാരണം വലിയ പ്രയാസം അനുഭവിക്കുന്നതിനിടെ കടൽവെള്ളം ശുദ്ധീകരിച്ച് ദ്വീപുകളിലെത്തിക്കുവാനുള്ള കേന്ദ്ര സർക്കാർ സഹായം ദ്വീപ് നിവാസികൾക്ക് വലിയ ആശ്വാസമാണെന്നും ഡോ. കോയമ്മകോയ പറഞ്ഞു.
ആന്ത്രോത്ത് ദ്വീപിൽ കോസ്റ്റ് ഗാർഡിനായി ഒരു പട്രോളിങ് ബോട്ട് അനവദിച്ചിട്ടുണ്ട്. ഇവിടെ ചെറിയ എയർപോർട്ട് നിർമ്മിക്കാനുള്ള നടപടിയും ഉണ്ട്. ഏറ്റവും ചെറുതും ജനസാന്ദ്രത കുറഞ്ഞതുമായ ബിത്ര ദ്വീപിൽ നേവി കോസ്റ്റ് ഗാർഡിനായി സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി 74 അദ്ധ്യാപക തസ്തികകൾ അനുവദിച്ചു.
മൂന്നു രൂപക്ക് അരി നൽകുന്നതിനൊപ്പം ബിപിഎൽ വിഭാഗത്തിന് കുറഞ്ഞ ചെലവിൽ ഗ്യാസ് കണക്ഷനും അനുവദിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യയിലുൾപ്പെടുത്തി ഈ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് പുതിയ കാർഗോ ബാർജും അനവദിച്ചിട്ടുണ്ട്. സാഗർമാല സ്‌കീമിൽ ഉൾപ്പെടുത്തി തുറമുഖ ടൂറിസം സാധ്യത വർദ്ധിപ്പിക്കുവാനും നരേന്ദ്രമോദി സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ വിവിധ വകുപ്പുകളിൽ ദിവ്യാംഗർക്കായി ജോലിക്ക് പ്രത്യേക സംവരണവും മോദി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. കോയമ്മകോയ പറഞ്ഞു. വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ സീ പ്ലെയിൻ സർവീസും അനുവദിച്ചിട്ടുണ്ട്.
മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമൂഹ്യ ശാസ്ത്രത്തിൽ ഒന്നാം റാങ്ക് ജേതാവായിരുന്ന ഇദ്ദേഹം ഇതേ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ആന്ത്രോത്തിലെ പി. എം. സയിദ് സെന്റർ പ്രിൻസിപ്പൽ, ദേശീയ സംഗീതനാടക അക്കാദമി അംഗം, ലക്ഷദ്വീപ് പ്രാദേശിക ഭാഷാ നിഘണ്ടു ചീഫ് എഡിറ്റർ എന്നീ നിലകളിലും ഡോ. കോയമ്മകോയ പ്രവർത്തിച്ചിട്ടുണ്ട്.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കെ. മോഹൻദാസ്, ലേഖകൻ എൻ. ഹരിദാസ്, ജീവനക്കാരായ വി. കെ. അശോകൻ, എൻ. രഘുനന്ദൻ, സ്റ്റിഫിൻലാൽ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
















