ന്യൂദല്‍ഹി: ചരിത്രത്തിന്റെ പ്രയാണത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞ പുണ്യനദിയായ സരസ്വതി നദി ഒഴുകിയ പാതയിലൂടെ ഹരിയാന സര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ ജലമൊഴുക്കും. ഇതിന് തുടക്കം കുറിക്കുന്നത് ഉന്‍ഞ്ചാ ചന്ദന ഗ്രാമത്തിലാണ്.
കൈ താള്‍, യമുനാനഗര്‍, കുരുക്ഷേത്ര ജില്ലകളിലൂടെയാണ് നദി ഒഴുകിയിരുന്നത്. ജലമൊഴുക്കിയ ശേഷം മണ്‍സൂണ്‍ മഴ നദിയുടെ ഒഴുക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.
വേദത്തില്‍ പറയുന്ന സരസ്വതിയുടെ ഉത്ഭവസ്ഥാനമായ ആദി ബാദ്രിയില്‍ ഡാം നിര്‍മ്മിക്കുവാനും പദ്ധതിയുണ്ട്. അതുപോലെ സസ്യോദ്യാനം, മൃഗശാല, വാട്ടര്‍ പാര്‍ക്ക് എന്നി പദ്ധതികളും ഇവിടെ ലക്ഷ്യമിടുന്നുണ്ട്. 69 സ്ഥാപനങ്ങള്‍ പദ്ധതിയില്‍ പങ്കാളികളാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹകരണത്തോടെ ഒരു കണ്‍സോര്‍ഷ്യവും വിഭാവനം ചെയ്യുന്നുണ്ട്.
ആറ് കുഴല്‍ കിണറുകള്‍ യമുനാ നഗറിലും രണ്ടെണ്ണം വീതം ആദി ബാദ്രിയിലും മുഗള്‍വാലിയിലും നിര്‍മ്മിച്ചിട്ടുണ്ട്. യമുനാനഗറിലെ വരണ്ട ഭൂമി കുഴിച്ച് നടത്തിയ പര്യവേഷണത്തില്‍ സമൃദ്ധമായ ജലം കണ്ടെത്താനായിട്ടുണ്ട്. ഇവിടെ മഹത്തായ ഒരു സംസ്‌കാരം നിലനിന്നിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
















