വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾ അവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. മനസ്സിന്റെ പിരിമുറുക്കവും അതുമൂലമുണ്ടാകുന്ന മനോരോഗങ്ങളും ആത്മഹത്യാ പ്രവണതയും മുതിർന്നവരെയും യുവാക്കളെയും ഒരുപോലെ വേട്ടയാടുന്നു.
മദ്യപാനവും ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതും യുവാക്കൾക്കിടയിൽ കണക്കില്ലാതെ പെരുകുന്നു. മറ്റു പലതിലും ഏറ്റവും പിന്നിലാണെങ്കിലും മദ്യപാനത്തിന്റെ കാര്യത്തിൽ കേരളീയർ വളരെ മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഒളിമ്പിക്‌സിൽ മദ്യപാന മത്സരം നടത്തിയാൽ കേരളം സ്വർണം നേടും. റെക്കോഡും സ്ഥാപിക്കും. എത്രയെത്ര മദ്യദുരന്തങ്ങൾ ഈ മണ്ണിലുണ്ടായി? എത്രയെത്ര കുടുംബങ്ങൾ അനാഥമായി? എന്നിട്ടും ഈ മഹാവിപത്തിനെ വീണ്ടും നാം വിളിച്ചുവരുത്തുന്നല്ലോ!
















