ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരി ജൂഡിത്ത് ഡിസൂസയെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രാവിലെ ട്വിറ്ററിൽ കൂടിയാണ് ജൂദിത്തിനെ മോചിപ്പിച്ച വിവരം മന്ത്രി അറിയിച്ചത്.
കാബൂളില്‍നിന്നും കഴിഞ്ഞ മാസം ഒന്‍പതിനാണ് കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. കാബൂളിലെ തയ്‌മാനി മേഖലയില്‍നിന്നാണു സന്നദ്ധസംഘടനയായ ആഗാ ഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്നിക്കല്‍ അഡ്വൈസറായ ജൂഡിത്തി(40)നെ ഭീകരരെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ ഒരു വർഷമായി ജൂഡിത്ത് കാബൂളിലായിരുന്നു. ജൂൺ 15ന് കൊൽക്കത്തയിലേക്ക് മടങ്ങിവരാനായിരുന്നു നിശ്ചയിച്ചിരുന്നത്. ജൂഡിത്തിന്റെ കുടുംബത്തിന് അവരെ രക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് സുഷമ സ്വരാജ് ഉറപ്പു നൽകിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ ഉടനീളം തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്. മതിയായ സുരക്ഷാ മുൻകരുകലോടെ വേണം അഫ്ഗാനിസ്ഥാനിൽ ജീവിക്കാനും ജോലി ചെയ്യാനുമെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
















