ന്യൂദല്‍ഹി: ടെക്‌സ്റ്റൈല്‍ മേഖലയില്‍ തൊഴിലവസരങ്ങളും തുണിത്തരങ്ങളുടേയും വസ്ത്രങ്ങളുടേയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ സ്‌പെഷല്‍ പാക്കേജിന് അംഗീകാരം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം അറിയിച്ചത്
സ്‌പെഷല്‍ പാക്കേജ് പ്രകാരം വിവിധ ഇളവുകളും പരിഷ്‌ക്കാരങ്ങളും ഈ മേഖലയില്‍ വരുത്തും. മേഖലയില്‍ പുതിയ ജീവനക്കാരുടെ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടില്‍ തൊഴിലുടമയുടെ വിഹിതത്തിന്റെ 3.67 ശതമാനം സര്‍ക്കാര്‍ വഹിക്കും. പിഎംആര്‍പിവൈ പദ്ധതിപ്രകാരം മൂന്ന് വര്‍ഷത്തേക്ക് തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം തിരിച്ചു നല്‍കുന്നതിന് പുറമേയാണിത്. 15,000 രൂപയില്‍ താഴെമാത്രം പ്രതിമാസ വരുമാനമുള്ള തൊഴിലാളികള്‍ അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം (ഓപ്ഷണല്‍) ഇപിഎഫില്‍ ചേര്‍ന്നാല്‍ മതി.
ജീവനക്കാരുട കൈവശം കൂടുതല്‍ തുക എത്തുന്നതിനായാണ് ഇപിഎഫ് അവരുടെ താത്പര്യ പ്രകാരമാക്കുന്നത്. ജീവനക്കാരുടെ ഓവര്‍ ടൈം പരിധിയും വര്‍ദ്ധിപ്പിക്കും. ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും കാലാനുസൃതമായതിനാല്‍ തുണിത്തരങ്ങളുടെ മേഖലയില്‍ നിശ്ചിത തൊഴില്‍ കാലയളവ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി സ്മൃതി ഇറാനി അറിയിച്ചു
ഭേദഗതി ചെയ്ത റ്റിയുഎഫ്എസ് (ടെക്‌നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് സ്‌കീം) പദ്ധതി പ്രകാരം വസ്ത്രനിര്‍മ്മാണ യൂണിറ്റുകള്‍ക്കുള്ള സബ്‌സിഡി 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കും. ഈ മേഖലയില്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന ചുങ്കം തിരിച്ചു നല്‍കുന്നതിന്(റീഫണ്ട്)പദ്ധതി ആവിഷ്‌ക്കരിക്കും.
വസ്ത്ര നിര്‍മ്മാണ മേഖലയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആദായനികുതി സംബന്ധിച്ച ചട്ടങ്ങളിലും മാറ്റം വരുത്തും. ആദായനികുതി നിയമത്തിന്റെ 80 ജെജെഎഏ വകുപ്പുപ്രകാരമുള്ള 240 ദിനങ്ങള്‍ എന്നത് 150 ദിവസമായി ഇളവു ചെയ്യും. 17,822 കോടിയുടെ ഭേദഗതി ചെയ്ത റ്റി.യു എഫ്്.എസ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 7048 കോടി മുതല്‍ മുടക്ക് വരുന്ന 25 സംയോജിത ടെക്‌സറ്റൈല്‍ പാര്‍ക്കുകള്‍ക്ക് (ഇന്റഗ്രേറ്റഡ് ടെക്‌സ്റ്റൈല്‍ പാര്‍ക്ക്) കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
















