ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡെയെ പ്രതിചേര്‍ക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് (എജെഎല്‍) കുറഞ്ഞവിലയ്‌ക്ക് ഭൂമി പതിച്ചു നല്‍കിയതില്‍ പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസില്‍ ഹൂഡയേയും പ്രതിചേര്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സമന്‍സ് അടുത്തു തന്നെ അയയ്‌ക്കുമന്നാണ് സൂചന.
1982ല്‍ ഹരിയാന മുന്‍നഗര വികസനവകുപ്പ് അതോറിട്ടി (എച്ച്‌യുഡിഎ) ചെയര്‍മാനായിരിക്കെ എജെഎല്ലിന് നിയമവിരുദ്ധമായി സ്ഥലം പതിച്ചു നല്‍കിയെന്നതാണ് കേസിനാസ്പദമായ സംഭവം. നാല് മുന്‍ എച്ച്‌യുഡിഎ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഈ വര്‍ഷം മെയില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.
1996ല്‍ ഭൂമി പതിച്ചുനല്‍കിയതിന്റെ കാലാവധി അവസാനിച്ചപ്പോള്‍ ബന്‍സിലാലിന്റെ നേതൃത്വത്തിലുള്ള ഹരിയാന വികാസ് പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സ്ഥലം പൊതുലേലത്തില്‍ വില്‍ക്കുന്നത് സംസ്ഥാനത്തിന് വന്‍ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി എജെഎല്ലിനു തന്നെ വീണ്ടും മറിച്ചുവില്‍ക്കുകയായിരുന്നു.
പഞ്ച്കുലയിലെ സ്ഥലമിടപാടില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വിജിലന്‍സ് ബ്യൂറോ കഴിഞ്ഞ ഡിസംബറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതാണ്. അതേസമയം നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്‌ട്രീയപ്രേരിതമാണ് ഈ കേസെന്നും ഹൂഡ ആരോപിച്ചു.
















