അഹമ്മദാബാദ്: നിതീഷ് കുമാര്‍ ഭരിക്കുന്ന ബീഹാറിലെ മുസാഫര്‍ നഗറില്‍ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ മര്‍ദ്ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു. യുവാക്കളിലൊരാളുടെ അമ്മയുടെ പരാതിയില്‍ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസാഫര്‍പൂര്‍ ജില്ലയിലെ ബബൂട്ടോലയിലാണ് സംഭവം. അന്നപൂര്‍ണ മഹായാഗത്തില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ക്കാണ് ദുരനുഭവമുണ്ടായത്.
മുകേഷ് താക്കൂര്‍ എന്നൊരാളും അയാളുടെ കൂട്ടാളികളുമാണ് തന്റെ മകനെയും കൂട്ടുകാരനെയും ഉപദ്രവിച്ചതെന്ന് സുനിത ദേവി പരാതിയില്‍ പറയുന്നു. ഈ മാസം ഇരുപതിനാണ് രാജീവ് കുമാര്‍ പാസ്വാനും അദ്ദേഹത്തിന്റെ സുഹൃത്ത് മുന്നാ പാസ്വാനും നേരെ ആക്രമണമുണ്ടായത്. അന്നപൂര്‍ണ മഹായാഗം കണ്ട് നടക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചത്.
ഉട്രി-പാരു പഞ്ചായത്ത് അധ്യക്ഷയുടെ ഭര്‍ത്താവാണ് യുവാക്കളെ ആക്രമിച്ച താക്കൂര്‍. സംഭവത്തില്‍ പതിനൊന്ന് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. രാജീവിനെയും മുന്നയെയും അപമാനിക്കാനായി താക്കൂറിന്റെ നിര്‍ദേശ പ്രകാരം ഇവരുടെ വായിലേക്ക് താക്കൂറിന്റെ അനന്തരവന്‍ മൂത്രമൊഴിയ്‌ക്കുകയും ചെയ്തു. മകനെ രക്ഷിക്കാനെത്തിയ തന്റെ ഭര്‍ത്താവിന് നേരെ ആക്രമണമുണ്ടായതായി സുനിത ദേവി ആരോപിക്കുന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടുത്തുളള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി അടുത്തുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുകേഷ് താക്കൂര്‍ നിഷേധിച്ചു. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















