ബർലിൻ: മരിയോ ഗോട്‌സെക്ക് പിന്നാലെ ജർമ്മൻ സ്‌ട്രൈക്കർ ആന്ദ്രെ ഷ്‌റളും ബൊറൂസിയ ഡോർട്ട്മണ്ട് സ്വന്തമാക്കി. വോൾഫ്‌സ്ബർഗിൽ നിന്നാണ് അഞ്ച് വർഷത്തെ കരാറിൽ ഷ്‌റളിനെ ബൊറൂസിയ സ്വന്തം പാളയത്തിലെത്തിച്ചത്. കരാർ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2013-15 വരെ ചെൽസിക്കും അതിന് മുമ്പ് ബയേർ ലെവർക്യുസനും വേണ്ടി കളിച്ചിട്ടുണ്ട് ഷ്‌റൾ. 2010 മുതൽ ജർമ്മൻ ദേശീയ ടീമിൽ അംഗമായ താരം 55 കളികളിൽ നിന്ന് 20 ഗോളുകളും നേടിയിട്ടുണ്ട്.
അതേസമയം 20 മില്യൺ പൗണ്ടിനാണ് ഗോട്‌സെ ബയേണിനെ വിട്ട് തന്റെ മുൻ ക്ലബായ ബൊറൂസിയയിലേക്ക് മടങ്ങിയെത്തിയത്. നാല് വർഷത്തെ കരാറാണ് ക്ലബുമായി താരം ഒപ്പിട്ടത്. കഴിഞ്ഞ ബ്രസീൽ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ഗോൾ നേടിയത് 24കാരനായ ഗോട്‌സെയായിരുന്നു.
2013-ലാണ് ഗോട്‌സെ ബൊറൂസിയയിൽ നിന്നും ബയേണിലേക്ക് കൂടുമാറിയത്. എന്നാൽ മൂന്നുസീസണുകളിൽ ബയേണിന് വേണ്ടി ലീഗിലും മറ്റുമായി കളിച്ചത് ആകെ 114 മത്സരങ്ങളിൽ. 36 ഗോളുകളും നേടി. എങ്കിലും പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. മൂന്ന് ബുന്ദസ്‌ലീഗ കിരീടങ്ങളും രണ്ട് ജർമ്മൻ കപ്പും ഗോട്‌സെ ബയറണിന് വേണ്ടി നേടി.
















