ഒളിമ്പിക്‌സ് ചരിത്രത്തിലെ സൂപ്പർതാരമാണ് മാർക്ക് ആൻഡ്രൂ സ്പിറ്റ്‌സ് എന്ന അമേരിക്കക്കാരൻ. ഒറ്റ ഒളിമ്പിക്‌സിൽ ഏഴ് സ്വർണ്ണം നേടിയാണ് സ്പിറ്റ്‌സ് വിസ്മയം തീർത്തത്. നാല് വ്യക്തിഗത സ്വർണ്ണവും മൂന്ന് റിലേ സ്വർണ്ണവുമാണ് സ്പിറ്റ്‌സ് അന്ന്േനടിയത്.
1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിലായിരുന്നു സ്പിറ്റ്‌സിന്റെ സൂപ്പർ പ്രകടനം. പങ്കെടുത്ത ഏഴ് ഇനങ്ങളിലും ലോക റെക്കോർഡോടെ പൊന്നണിഞ്ഞ് മ്യൂണിക്ക് ഒളിമ്പിക്‌സ് തന്റേതു മാത്രമാക്കി മാറ്റി.
100 മീ. ഫ്രീസ്‌റ്റൈൽ ഇനത്തിൽ 51.22 സെക്കന്റിലും 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ 1:52.78 സെക്കന്റിലും 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ 54.27 സെക്കന്റിലും 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ 2:00.70 സെക്കന്റിലും ഫിനിഷ് ചെയ്താണ് സ്പിറ്റ്‌സ് വ്യക്തിഗത സ്വർണ്ണങ്ങൾ സ്വന്തമാക്കിയത്. ഈ നാല് ഇനങ്ങളിലും തന്റെ തന്നെ പേരിലുള്ള റെക്കോർഡുകളാണ് മാർക്ക് സ്പിറ്റ്‌സ് തിരുത്തിക്കുറിച്ചത്.
4-100 മീ. ഫ്രീ സ്‌റ്റൈൽ റിലേയിൽ ഡേവിഡ് എഡ്ഗർ, ജോൺ മർഫി, ജെറി ഹിഡെൻറിക് എന്നിവരാണ് കൂട്ടിന്. 3.26.42 മിനിറ്റിൽ അതൊരു ലോക റെക്കോർഡായി. അന്ന് പ്രാഥമിക മത്സരങ്ങളിൽ മാർക്കും മറ്റും മാറിനിന്ന വേളയിൽ പോലും അമേരിക്ക ലോകറെക്കോർഡ് ഭേദിക്കുകയുണ്ടായി. 4-200 മീ. ഫ്രീസ്‌റ്റൈൽ റിലേയിലാണ് മാർക്കിന്റെ അടുത്ത ഊഴം. ജോൺ കിൻസെല്ല, ഫ്രെഡ് ടെയ്‌ലർ, സ്റ്റീവൻ ജെന്റർ എന്നിവരാണ് മാർക്കിനോടൊപ്പം മത്സരത്തിനിറങ്ങിയത്. 7.35.78 മിനിറ്റിൽ അതൊരു ലോകറെക്കോർഡായിരുന്നു.
4-100 മീ. മെഡ്‌ലെ റിലേയിലാണ് അടുത്ത ഊഴം. ഇത്തവണ മാർക്കിനൊപ്പം അമേരിക്കക്കുവേണ്ടി മത്സരിക്കാനിറങ്ങിയത് മൈക്കൽ സ്റ്റാം, ടോം ബ്രൂസ്, ജെറി ഹിഡൻറിച്ച് എന്നിവരാണ്. 3.48.16 മിനിറ്റിൽ ആ സംഘവും ലോകറെക്കോർഡ് തിരുത്തി. തന്റെ രണ്ടാമത്തെ ഒളിമ്പിക്‌സിലായിരുന്നു മാർക്കിന്റെ മിന്നൽ പ്രകടനം.
നീന്തൽക്കുളത്തിൽ വിസ്മയം തീർത്തശേഷം ഒരു നിമിഷം പോലും കാത്തുനിൽക്കാതെ സ്പിറ്റ്‌സ് സ്വന്തം നാട്ടിലേക്ക് പറക്കുകയും ചെയ്തു. ഇസ്രായേലി അത്‌ലറ്റുകളെ അറബ് ഗറില്ലകൾ കൂട്ടക്കൊല ചെയ്ത വേദിയായിരുന്നുവല്ലൊ അത്. സുരക്ഷയുടെ കാര്യത്തിൽ മാർക്കിന് സംശയമുണ്ടായിരുന്നു. ജൂതനായിരുന്നു മാർക്ക്. 1967 മുതൽ 72 വരെയായി 27 ലോകറെക്കോർഡുകളാണ് മാർക്ക് സൃഷ്ടിച്ചത്.
1968ലെ മെക്‌സിക്കോ സിറ്റി ഒളിമ്പിക്‌സിലും സ്പിറ്റ്‌സ് മത്സരിച്ചിരുന്നു. അമേരിക്കയുടെ സ്വിമ്മർ ഓഫ് ദി ഇയർ ബഹുമതി നേടിയ മാർക്കിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. അതിലേറെ ആത്മവിശ്വാസവും. അതിന് കാരണവുമുണ്ട്. 10 ലോകറെക്കോർഡുകളാണ് അതുവരെ മാർക്ക് സ്പിറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. അന്ന് മാർക്ക് അൽപ്പം അഹങ്കാരത്തോടെ ലോകത്തോട് വിളിച്ചുപറഞ്ഞു. ”ഞാൻ ഒളിമ്പിക്‌സിൽ ആറ് സ്വർണം നേടും.”
പക്ഷേ, മെക്‌സിക്കോ ഒളിമ്പിക്‌സ് മാർക്കിനെ പാടെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. വ്യക്തിഗത ഇനത്തിൽ ഒരൊറ്റ സ്വർണ്ണവും ലഭിച്ചില്ല. 100 മീറ്റർ ബട്ടർഫ്‌ളൈയിൽ വെള്ളിയും ഫ്രീസ്‌റ്റൈലിൽ വെങ്കലവും മാത്രം. എങ്കിലും 4-100 മീറ്ററിലും 4-200 മീ. ഫ്രീസ്‌റ്റൈൽ റിലേയിലുമായി രണ്ട് സ്വർണം കിട്ടി. കൂടെ ഒരു വെള്ളിയും മറ്റൊരു വെങ്കലവും.
അതൊരു ഗുണപാഠമായിരുന്നു മാർക്കിന്. ആ തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം പരിശീലനം ഊർജ്ജിതമാക്കി. ഇതിനകം 23 തവണ ലോകറെക്കോർഡുകളും 35 തവണ യുഎസ് നാഷണൽ റെക്കോർഡും തിരുത്തിയെഴുതിയ മാർക്ക്, സള്ളിവൻ അവാർഡും നേടിക്കൊണ്ടാണ് നാലുവർഷത്തിനുശേഷം 1972-ൽ മ്യൂണിക്ക് ഒളിമ്പിക്‌സിനെത്തിയത്. അവിടെ മാർക്കിന്റെ മുന്നിൽ ഒടുവിൽ ചരിത്രം വഴിമാറി.
1964ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നാല് സ്വർണം നേടിയ ഡോൺ ഷോളണ്ടറിനേക്കാൾ മികച്ച നീന്തൽക്കാരനാവുകയെന്നത് സ്പിറ്റ്‌സിന്റെ ആദ്യലക്ഷ്യം. ഒളിമ്പിക്‌സിൽ ആറുസ്വർണം നേടുന്ന ആദ്യ കായികതാരമാവുകയെന്നത് രണ്ടാമത്തെ ആഗ്രഹം. സ്പിറ്റ്‌സ് ഇത് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. നീന്തൽക്കുളം തനിക്കായി ചാർത്തിവാങ്ങിയതുപോലെയായിരുന്നു സ്പിറ്റ്‌സിന്റെ പ്രകടനവും. അഞ്ച് സ്വർണ്ണം അനായാസം നേടുകയും ചെയ്തു. സ്പിറ്റ്‌സിന്റെ ലക്ഷ്യം സഫലമാവുമോയെന്ന കാര്യത്തിൽ ചില സംശയങ്ങളുണ്ടായി.
കാരണം 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ സ്പിറ്റ്‌സിനേക്കാൾ സാധ്യത നാട്ടുകാരൻ കൂടിയായ ജെറി ഹെഡെന്റിക്കിനായിരുന്നു. ഒരുവേള പിന്മാറുന്നതിന് വരെ സ്പിറ്റ്‌സ് ആലോചിച്ചു. ആ സന്ദർഭത്തിൽ സ്പിറ്റ്‌സിന്റെ പിതാവ് ആർനോൾഡിന്റെ വാക്കുകൾ അദ്ദേഹത്തെ തട്ടിയുണർത്തി. ”നീന്തുകയെന്നതിലല്ല കാര്യം, വിജയിക്കുക എന്നതിലാണ്.”
യുഎസ് വനിതാ ടീമിന്റെ കോച്ച്കൂടിയായ സ്പിറ്റ്‌സിന്റെ കോച്ച് താരത്തിന് ആത്മവിശ്വാസ്യമേകി രംഗത്തെത്തി. അങ്ങനെയാണ് സ്പിറ്റ്‌സ് മത്സരിക്കാനിറങ്ങിയത്. സെപ്തം. 2നാണ് ഹീറ്റ്‌സ്. സെമി ഏഴുമണിക്കൂറിനുശേഷം. മൂന്നിന് നടന്ന ഫൈനലിൽ സ്പിറ്റ്‌സ് തന്റെ തന്നെ ലോകറിക്കാർഡ് ഭേദിച്ചപൊന്നണിഞ്ഞപ്പോൾ ജെറി രണ്ടാമതായി. തീർന്നില്ല സ്പിറ്റ്‌സിന്റെ നേട്ടങ്ങൾ. 1967-ലെ പാൻ അമേരിക്കൻ ഗെയിംസിൽ അഞ്ച് സ്വർണ്ണവും 1965, 69 വർഷങ്ങളിലെ മക്കാബി ഗെയിംസിൽ 10 സ്വർണ്ണും നേടി സ്പിറ്റ്‌സ് വിസ്മയം തീർത്തു. മക്കാബി ഗെയിംസിലായിരുന്നു 15കാരനായ സ്പിറ്റ്‌സിന്റെ ആദ്യ രാജ്യാന്തര മത്സരം. നാല് സ്വർണ്ണമാണ് ആദ്യ മീറ്റിൽ സ്പിറ്റ്‌സ് സ്വന്തമാക്കിയത്. 1969-ൽ ആറും.
1950 ഫെബ്രുവരി 10ന് കാലിഫോർണിയയിലെ മോഡെസ്‌റ്റോയിൽ സ്പിറ്റ്‌സിന്റെ ജനനം. ആർനോൾഡ് സ്പിറ്റ്‌സിന്റെയും ലെനോറിന്റെയും മൂന്നുമക്കളിലെ ഏക ആൺതരിയായ മാർക്ക് കായികവേദിയിലെത്തിയത് എട്ടാം വയസ്സിൽ. കാലിഫോർണിയയിലെ ആർഡൻ ഹിൽസ് സ്വിമ്മിംഗ് ക്ലബിൽ ഷെർമാൻ ചാവൂറിന്റെ ശിക്ഷണത്തിലായിരുന്നു മാർക്ക് വളർന്നത്. പിന്നാലെ 17 ദേശീയ റെക്കോർഡുകളും ഈ അമേരിക്കൻ നീന്തൽതാരം തിരുത്തിയെഴുതി.
പക്ഷേ, എന്നിട്ടും മാർക്കിന് തൃപ്തിപോരായിരുന്നു. കൂടുതൽ സൗകര്യങ്ങൾ നേടി വാൾനട്ട് ക്രീക്കിലേക്ക് ആർനോൾഡിന്റെ കുടുംബം താമസം മാറ്റി. അവിടെ ജോർജ് ഹൈൻസിന്റെ കോച്ചിംഗ്. ഇതാണ് മാർക്ക് സ്പിറ്റ്‌സ് എന്ന ഇതിഹാസ താരത്തിന്റെ പിറവിക്ക് കാരണമായത്. കാലിഫോർണിയയിലെ ഒരു ലോക്കൽ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിലാണ് മാർക്കിന്റെ ആദ്യ ലോകറെക്കോർഡ് പിറന്നുവീണത്.
അത് 400 മീ. ഫ്രീസ്‌റ്റൈൽ ഇനത്തിലായിരുന്നു. കരിയറിന്റെ ഉന്നതങ്ങളിൽ നിൽക്കവേ 22-ാം വയസ്സിൽ സ്പിറ്റ്‌സ് നീന്തൽ മത്സരങ്ങളിൽ നിന്ന് വിടപറഞ്ഞു.
പിന്നീട് 41-ാം വയസ്സിൽ 1992ലെ ഒളിമ്പിക്‌സ് ലക്ഷ്യമാക്കി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും യോഗ്യതാ മാർക്ക് പിന്നിടാൻ കഴിയാതിരുന്നതോടെ എന്നെന്നേക്കുമായി മാർക്ക് നീന്തൽക്കുളത്തോട് വിടപറയുകയും ചെയ്തു.
















