ന്യൂദൽഹി: പാര്‍ലമെന്റിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം ഫെയ്സ്ബുക്ക് വഴി പുറത്ത് വിട്ട എഎപി എം.പി ഭഗവന്ത് മന്‍ മാപ്പു പറഞ്ഞു. സ്പീക്കർക്കു നൽകിയ കത്തിലാണ് മൻ നിരുപാധികം മാപ്പു പറഞ്ഞിരിക്കുന്നത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ഞാൻ ബഹുമാനിക്കുന്നു, അശ്രദ്ധമൂലം അബദ്ധം സംഭവിച്ചതാണ്, പാർലമെന്‍റിന്റെ സുരക്ഷ തകർക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ഇത് ചട്ട വിരുദ്ധമാണെന്ന് അറിയില്ലായിരുന്നു എന്നാണ് മൻ തന്റെ കത്തിൽ എഴുതിയിരിക്കുന്നത്
എന്നാൽ ഈ കത്ത് സ്വീകരിക്കാൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ തയാറായില്ല. സംഭവം ഗുരുതരമാണെന്നും ഒരു മാപ്പപേക്ഷ മാത്രം മതിയാകില്ലെന്നും സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു. ഇതോടെ മന്നിനെതിരെ നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. അതേസമയം ഭഗവന്ത് മന്നിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തെ തുടർന്ന് പാർലമെന്‍റ് സമ്മേളനം ഉച്ചവരെ നിർത്തി വച്ചു. നേരത്തെ മൻ മദ്യപിച്ച് പാർലമെന്‍റിലെത്തിയതായ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി താമസ സ്ഥലത്ത് നിന്നും പാർലമെന്‍റിലേക്കുള്ള യാത്ര വീഡിയോയിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
















