ന്യൂദല്‍ഹി: ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുടെ വിവാദ ഫ്ളാറ്റ് പൊളിക്കരുതെന്ന് സുപ്രീം കോടതി. കേസില്‍ അന്തിമ വിധി വരുന്നതുവരെ ഫ്ളാറ്റ് സംരക്ഷിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് സുപ്രീം കോടതി ഉത്തരവ്.
കേന്ദ്രസര്‍ക്കാരിന് സ്ഥലത്തിന്റെ കൈവശാവകാശം നല്‍കാനും കോടതി ഉത്തരവിട്ടു. ആഗസ്റ്റ് അഞ്ചിനുള്ളില്‍ കെട്ടിടവും സ്ഥലവും കേന്ദ്രസര്‍ക്കാരിന് കൈമാറാനാണ് ഉത്തരവ്.കേസില്‍ അടുത്ത വാദം ഓഗസ്റ്റ് അഞ്ചിന് നടക്കും.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യൂവരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കുന്നതിനു വേണ്ടി മുംബൈയില്‍ പണിതുയര്‍ത്തിയ ആദര്‍ശ് ഫ്ളാറ്റ് അനര്‍ഹര്‍ തട്ടിയെടുത്തതോടെയാണ് ആദ്യം വിവാദമായത്. രാഷ്‌ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടുപ്പക്കാരാണ് ഫ്ളാറ്റുകളില്‍ ഏറെയും സ്വന്തമാക്കിയത്.
തീരദേശ നിയമവും കെട്ടിടനിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. സൈനിക താവളങ്ങള്‍ക്ക് സമീപമുള്ള കെട്ടിടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
















