ന്യൂദല്‍ഹി: നദീസംയോജന പദ്ധതി സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പ്പര്യം മാത്രം കണക്കിലെടുത്താണെന്ന് കേന്ദ്രജലവിഭവശേഷി മന്ത്രി ഉമാഭാരതി പറഞ്ഞു. എന്നാല്‍ നദീസംയോജന പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണിതെന്നും ഉമാഭാരതി ലോക്‌സഭയില്‍ അറിയിച്ചു.
നദീസംയോജന പദ്ധതിയെ അനുകൂലിക്കുന്ന എഐഎഡിഎംകെ അംഗങ്ങളും എതിര്‍ക്കുന്ന കേരളാ എംപിമാരും സഭയില്‍ ബഹളമുയര്‍ത്തിയതോടെയാണ് കേന്ദ്രമന്ത്രി വിശദീകരണം നടത്തിയത്.
നദീസംയോജനത്തെ അനുകൂലിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന് ഉമാഭാരതി പറഞ്ഞു. എതിര്‍പ്പുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കും. തമിഴ്‌നാട് എല്ലായ്‌പ്പോഴും പദ്ധതിയുമായി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കേരളം ചില കാരണങ്ങളാല്‍ പദ്ധതിക്കെതിരാണ്. പദ്ധതിയെ അനൂകൂലിച്ച് നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളെ മാത്രം പദ്ധതിയില്‍ സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നതെന്ന് ഉമാഭാരതി വ്യക്തമാക്കി.
നദീസംയോജന പദ്ധതി നടപ്പാക്കുന്നതില്‍ ഒരു സര്‍ക്കാരിനു മേലും സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രം ഉദ്യേശിക്കുന്നില്ല. കേരളവുമായി ബന്ധപ്പെട്ട വിഷയം ഉയരുമ്പോള്‍ മാത്രമേ കേരളത്തിലെ നദീസംയോജനം കേന്ദ്രപരിഗണനയില്‍ വരൂ എന്നും ഉമാഭാരതി ചോദ്യോത്തരവേളയില്‍ പറഞ്ഞു. നദീസംയോജന പദ്ധതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നും അതിനാല്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ താല്‍പ്പര്യത്തിന് അനുകൂലമാണ് നദീസംയോജന പദ്ധതിയെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഉമാഭാരതി ചൂണ്ടിക്കാട്ടി.
നദികള്‍ കരകവിഞ്ഞുണ്ടാകുന്ന പ്രളയം നിയന്ത്രിക്കുന്നതിനായി പ്രതിവര്‍ഷം അയ്യായിരം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ചെലവുവരുന്നത്. സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന ചെലവും പ്രളയക്കെടുതി മൂലമുള്ള നാശനഷ്ടങ്ങളും ശതകോടികളാണ്. നദീസംയോജനം വഴി നദികളിലെ അധികജലം മറ്റു നദികളിലേക്ക് ഒഴുക്കിവിടാന്‍ സാധിക്കും.
















