ന്യൂദല്‍ഹി: ഹൃദ്രോഗ ചികിത്സയ്‌ക്കുള്ള സ്‌റ്റെന്റുകളെ കേന്ദ്ര സര്‍ക്കാര്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതോടെ ഇനി ഇവയുടെ വില ഗണ്യമായി കുറയും. ഔഷധം അടങ്ങിയ സ്‌റ്റെന്റ്, സാധാരണ ലോഹ സ്‌റ്റെന്റ് എന്നിവയുടെ വിലയാണ് കുറയുന്നത്.
ഔഷധമടങ്ങിയവയുടെ വില സ്വകാര്യ ആശുപത്രികളില്‍ 23,625 രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതേ വസ്തുവിന് 60,000 രൂപ വരെയാണ് വില. സ്വകാര്യ ആശുപത്രികളിലെ ഹൃദ്രോഗ ചികിത്സയ്‌ക്കുള്ള ചെലവിന്റെ 25 മുതല്‍ 40 ശതമാനം വരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്ന ചെലവിന്റെ 70 മുതല്‍ 90 ശതമാനം വരെയും സ്‌റ്റെന്റുകളുടെ വിലയാണ്.
2015ല്‍ അഞ്ചു ലക്ഷം സ്‌റ്റെന്റുകളാണ് രാജ്യത്ത് വേണ്ടിവന്നത്. വില നിജപ്പെടുത്തുന്നതോടെ സ്വകാര്യ ആശുപത്രികള്‍ക്കു പോലും കൂടുതല്‍ തുക വാങ്ങാന്‍ കഴിയില്ല. ഹൃദ്രോഗ വിദഗ്ധരുടെ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര തീരുമാനം. ഇത് ഉടന്‍ നടപ്പാക്കും. ദേശീയ ഔഷധ വില നിര്‍ണ്ണയ സമിതി ഇവയുടെ പുതുക്കിയ വില പ്രസിദ്ധീകരിക്കും. കേന്ദ്രം വില നിശ്ചയിക്കുന്നതോടെ ഇവയുടെ വില ഗണ്യമായി കുറയും.
ഭാരതത്തില്‍ വിറ്റഴിക്കുന്ന മിക്ക സ്‌റ്റെന്റുകളും മള്‍ട്ടിനാഷണല്‍ കമ്പനികളാണ് നിര്‍മ്മിക്കുന്നത്. കേന്ദ്ര തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി രംഗത്തു വന്നു കഴിഞ്ഞു.
എന്താണ് സ്‌റ്റെന്റ്
കൊഴുപ്പടിഞ്ഞ് അടഞ്ഞ രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും വേണ്ടിയുള്ള ലോഹവല കൊണ്ടുള്ള ചെറിയ കുഴലുകളാണ് സ്‌റ്റെന്റ്. പല തരം സ്‌റ്റെന്റുകളുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് രണ്ടിനങ്ങളാണ്. ഡ്രഗ് എല്യൂട്ടിങ് സ്‌റ്റെന്റ് (ഔഷധം അടങ്ങിയ സ്‌റ്റെന്റില്‍ നിന്ന് മരുന്ന് പുറത്തുവന്നുകൊണ്ടേയിരിക്കും), മറ്റൊന്ന് സാധാരണ ഇനം.
രക്തക്കുഴലിലേക്ക് കയറ്റുന്ന സ്‌റ്റെന്റിലെ ബലൂണ്‍ വീര്‍പ്പിക്കും. ഇതോടെ സ്‌റ്റെന്റും വീര്‍ക്കും. അങ്ങനെ രക്തക്കുഴല്‍ വികസിച്ച് രക്തയോട്ടം സുഗമമാകും. രക്തക്കുഴലുകളില്‍ പറ്റിപ്പിടിച്ച കൊഴുപ്പ് അകത്തു കടക്കാതെ വല തടയുകയും ചെയ്യും. ഹൃദ്രോഗ ചികിത്സയില്‍ അതീവ പ്രധാന്യമുള്ളതാണ് സ്‌റ്റെന്റ്.
















