ലണ്ടൻ: പുതുതായി ചുമതലയേറ്റ അന്റോണിയോ കോണ്ടെയുടെ പരിശീലനത്തിൻ കീഴിൽ ചെൽസിക്ക് ആദ്യ വിജയം. ആസ്ട്രിയൻ ക്ലബ് വോൾവ്‌സ്ബർഗ് എസിക്കെതിരെയാണ് ചെൽസി വിജയം നേടിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു നീലപ്പടയുടെ വിജയം.
കളിയുടെ 41-ാം മിനിറ്റിൽ ബെർട്രൻഡ് ടോറെ, 84-ാം മിനിറ്റിൽ ലോഫ്റ്റസ് ചീക്ക്, 90-ാം മിനിറ്റിൽ നതാനിയേൽ ചോബ എന്നിവരാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ ദിവസം റാപ്പിഡ് വിയന്നക്കെതിരെ 2-0ന്റെ പരാജയം ചെൽസി നേരിട്ടിരുന്നു.
മറ്റൊരു സൗഹൃദ മത്സരത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ പരാജയപ്പെടുത്തി. മാർക്കോ ഗ്രുജിക്ക്, ആൽബർട്ടോ മൊറേനോ എന്നിവർ ലിവർപൂളിനായി ലക്ഷ്യം കണ്ടു.
















