മഡ്ഗാവ്: പ്രീമിയർ ലീഗ് ഫുട്‌സാലിൽ കൊച്ചി സെമിയിലെത്തി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ചെന്നൈയെ 3-3ന് സമനിലയിൽ തളച്ചാണ് കൊച്ചി അവസാന നാലിൽ ഇടംപിടിച്ചത്. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന കൊച്ചി അവസാന ക്വാർട്ടറിലാണ് രണ്ട് ഗോളുകൾ നേടിയത്. ചെന്നൈക്ക് വേണ്ടി 12-ാം മിനിറ്റിൽ കാമിലോ, 18-ാം മിനിറ്റിൽ നന്ദ, അവസാന മിനിറ്റിൽ റുമോല എന്നിവർ ഗോളുകൾ നേടി. 37-ാം മനിറ്റിൽ മൊറെയ്‌സും തൊട്ടുപിന്നാലെ ഡെജയും കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ചിഗ്യുനിയും കൊച്ചിക്കായി ഗോൾ നേടി.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ബെംഗളൂരുവിനെ 3-0ന് തകർത്ത് ഗോവ സെമിയിലെത്തി. ഗ്രൂപ്പിൽ നിന്ന് കൊൽക്കത്ത നേരത്തെ സെമിയിലെത്തിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സെമിയിലെത്താൻ സമനില മാത്രം മതിയായിരുന്ന ഗോവൻ ടീം മികച്ച പ്രകടനമാണ് നടത്തിയത്. ഗോവക്ക് വേണ്ടി മൈക്കൽ സിൽവ, റാഫേൽ, വാംപേറ്റ എന്നിവർ ഗോളുകൾ നേടി. കൊൽക്കത്തക്ക് സെമിയിൽ മുംബൈ ആണ് എതിരാളികൾ. റൊണാൾഡീഞ്ഞോക്ക് പകരം മാർക്വീ താരമായി എത്തിയ ബ്രസീലിയൻ താരം കഫു ഇന്നലെ ടീമിനായി കളത്തിലിറങ്ങി.
















