ലണ്ടൻ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ ജമൈക്കയുടെ ഉസൈൻ ബോൾട്ട് റിയോ ഒളിമ്പിക്‌സിൽ മത്സരിക്കുമോ എന്ന് ഇന്ന് അറിയാം. ലണ്ടനിൽ ഇന്ന് നടക്കുന്ന ആനിവേഴ്‌സറി മീറ്റിൽ ബോൾട്ട് 200 മീറ്ററിൽ പങ്കെടുക്കും. ഈ മീറ്റിൽ കായികക്ഷമത തെളിയിച്ചാൽ ബോൾട്ട് റിയോയിലെത്തും.
നേരത്തെ ജമൈക്കൻ ഒളിമ്പിക് ട്രയൽസിൽ നിന്നും പേശീവലിവു മൂലം ഉസൈൻ ബോൾട്ട് പിന്മാറിയിരുന്നു. റിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയുമായാണ് ഉസൈൻബോൾട്ട് ലണ്ടനിൽ വാർത്താസമ്മേളനം നടത്തിയത്. താൻ പരിക്കിനോട് വിടപറഞ്ഞു. ശാരീരിക ക്ഷമത വീണ്ടെടുത്തുകഴിഞ്ഞു.
നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ജീവിതത്തിലെ അവസാന ഒളിമ്പിക്‌സിൽ 200 മീറ്ററിൽ പുതിയ ലോകറെക്കോർഡാണ് ലക്ഷ്യമെന്നും ബോൾട്ട് പറഞ്ഞു. ബോൾട്ടിന്റെ പ്രഖ്യാപനത്തോടെ പ്രശസ്തമായ വിജയാഹ്ലാദവും റിയോയിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
















