ഒരാള്‍ പരാജയപ്പെട്ടു എന്നു പറഞ്ഞാല്‍ അവന്‍ പ്രയത്‌നിച്ചു,സാഹസത്തിനു മുതിര്‍ന്നു എന്നാണര്‍ത്ഥം. ശ്രമിക്കുന്നവനേ പരാജയപ്പെടുകയുള്ളൂ. ഏതു കര്‍മ്മത്തിലും സാഹസമുണ്ട്.
മലകയറുന്നതായാലും, കുട്ടി പിച്ചവച്ചു നടക്കുന്നതായാലും, കടലില്‍ മത്സ്യം പിടിക്കാന്‍ പോകുന്നതായാലും പരീക്ഷക്ക് പഠിക്കുന്നതായാലും ഡ്രൈവിങ് പരിശീലിക്കുന്നതായാലും എല്ലാത്തിലും സാഹസമുണ്ട്. ഏതിനും സാഹസമാവശ്യമാണ്. ഏതൊരു കര്‍മ്മം ഏറ്റെടുക്കുമ്പോഴും വിജയവും പരാജയവും നിഴല്‍ പോലെ നമ്മേ പിന്‍തുടരും ചിലപ്പോള്‍ നമ്മള്‍ വിജയിച്ചെന്നു വരും. നേരേമറിച്ചും സംഭവിക്കാം. പരാജയത്തെ ഭയക്കാന്‍ പാടില്ല.
ഭയന്നാല്‍ പിന്നീട് വിജയിക്കാന്‍ കഴിയില്ല. ഒന്നുംനേടാനാവില്ല. അതിനാലാണ് പരാജിതര്‍ക്കും പ്രോത്സാഹനം കൊടുക്കണമെന്നു പരാജയത്തെ ഭയക്കേണ്ട പറയുന്നത്. പരിശ്രമിക്കാന്‍ ഭയക്കാതിരിക്കുവാനാണ് പ്രോത്സാഹനം.
കളിയില്‍ കായികതാരങ്ങള്‍ക്ക് തോറ്റാല്‍ക്കൂടി പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കാറുണ്ട്. അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. പ്രോത്സാഹനം എല്ലാരീതിയിലും നല്ലതാണ്.
















