ശൃംഗവേരപുരം എന്നിടത്തെത്തി ഗംഗകടക്കണമെന്ന് ശ്രീരാമന്‍ ചിന്തിച്ചു. നിഷാദരാജാവായ ഗുഹന്‍ എത്തി. ഗുഹനെ നിസ്സാരനായി കാണാതെ ആദരവോടെ മാത്രമാണ് ശ്രീരാമന്‍ പെരുമാറുന്നത്. സത്യഭംഗം പേടിച്ച് ഗ്രാമത്തിലല്ല പുറത്താണ് ഉറങ്ങുന്നത്. അദ്ധ്യാത്മ രാമായണത്തില്‍ ഗുഹനാണ് ശ്രീരാമ സീതമാര്‍ നിലത്തുകിടന്ന ഉറങ്ങുന്നതുകണ്ട് വിലപിക്കുന്നത്.
വാല്‍മീകി രാമായണത്തില്‍ ലക്ഷ്മണനും. അദ്ധ്യാത്മ രാമായണത്തില്‍ ലക്ഷ്മണന്‍ ഗുഹനു ജ്ഞാനം ഉപദേശിക്കുന്നു.അന്നുരാത്രി രണ്ടുപേരും ഉറങ്ങിയില്ല. തമസാ നദികടന്നാണ് രാമന്‍ ഗംഗാതീരത്തെത്തുന്നത്. തമസാ തീരത്തുവച്ചാണ് പൗരന്മാരില്‍നിന്ന് അകന്ന് വനയാത്രതുടരുന്നത്. രാവിലെ ഗുഹനെക്കൊണ്ട് വഞ്ചിവരുത്തി പുറപ്പെടാനൊരുങ്ങുന്നു. താനും കൂടെ വരട്ടേ എന്ന ഗുഹനും ചോദിച്ചപ്പോള്‍ ശ്രീരാമന്റെ ഉത്തരം അങ്ങ് തിരിച്ചുചെന്ന് വിവരം പറഞ്ഞാലെ കൈകേയി അമ്മ ഞങ്ങള്‍ വനത്തില്‍പോയവിവരം വിശ്വസിക്കൂ എന്നാണ്. വടക്ഷീരം കൊണ്ടുവന്ന് ജടകെട്ടുന്നത് കണ്ട സുമന്ത്രര്‍ കരഞ്ഞുപോയി. ഗുഹന്‍ അവരെ കടത്ത് കടത്തി. താനും വനത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ പതിന്നാലുവര്‍ഷം കഴിഞ്ഞ് കാണാമെന്നുറപ്പുപറഞ്ഞ് ശ്രീരാമലക്ഷ്മണന്മാര്‍ തിരിച്ചയക്കുന്നു.
അയോദ്ധ്യയില്‍ ശ്രീരാമനു പിറകെ ഓടിത്തളര്‍ന്നുവീണ ദശരഥനെ കൗസല്യയുടെ കൊട്ടാരത്തിലേയ്‌ക്ക് കൊണ്ടുപോകുന്നു. കൈകേയിയുടെ പൂര്‍ണ്ണ പതനത്തിന്റെ തുടക്കം. സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും നാടായ അയോദ്ധ്യയെന്ന സൂര്യവംശ തലസ്ഥാനത്ത് അധാര്‍മ്മികമായ അധികാരം ഏറ്റെടുക്കാന്‍നോക്കിയവള്‍ തീര്‍ത്തും ഒറ്റപ്പെടുന്നു. ഇന്ന് സത്യത്തിന്റെയും അധര്‍മ്മത്തിന്റെകൂടെ കവികളും, പത്രക്കാരും, പണ്ഡിതന്മാരും, പണക്കാരും എന്നുവേണ്ട വമ്പിച്ച ജനതയും പൂര്‍ണ്ണപിന്തുണയുമായി നില്‍ക്കുന്നു. സത്യവും ധര്‍മ്മവും ഒരുമൂലയ്‌ക്ക് കിം കര്‍ത്തവ്യ മൂഢരായി നില്‍ക്കുന്നു. കൗസല്യ എന്റെ മകനെ ഇങ്ങനെ ചതിച്ച് കാട്ടിലയച്ചല്ലോ എന്നുവിലപിക്കുമ്പോള്‍ ആശ്വാസമേകുന്നത് തുല്ല്യദുഃഖം വരിച്ച സുമിത്രയുടെ വാക്കുകളാണ്. കാട്ടിലും നാട്ടിലും സൂര്യചന്ദ്രന്മാരെപ്പോലെ തിളങ്ങുന്നകഴിവുറ്റ വ്യക്തിത്വമാണ് രാമലക്ഷ്മണന്മാരുടേതെന്നും, പതിന്നാലുവര്‍ഷം കഴിഞ്ഞ് കൂടുതല്‍ തേജസ്സോടെയവര്‍ സീതാസഹിതം മടങ്ങിവരുമെന്നും സുമിത്ര ഉറപ്പുനല്‍കുന്നു.
അയോദ്ധ്യയില്‍ നിറം മങ്ങിയ ജനജീവിതമാണ് കാണുന്നത്. ശ്രീരാമനില്ലാത്ത ജീവിതത്തില്‍ ഏറ്റവും ദുഃഖിക്കുന്നത് അദ്ദേഹത്തിന്റെ കൂട്ടുകാരാണ്. സൂര്യനില്ലാത്ത പകലുപോലെയും ആത്മജ്ഞാനമില്ലാത്ത ജീവിതം പോലെയും ദുഃഖപൂര്‍ണ്ണവും അര്‍ത്ഥ ശൂന്യവുമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ജീവിതം. വണിക്കുകള്‍പോലും കച്ചവടത്തില്‍ താല്പര്യമില്ലാത്തവരായി. അവരല്ലാം വനത്തിന്റെ ഭാഗ്യത്തില്‍ അസൂയപ്പെടുകയും വനത്തിലിനി എന്നും വസന്തകാലമായരിക്കുമെന്നും ഭാവനയില്‍ കാണുകയും ചെയ്യുന്നു.
ഗംഗകടന്നശേഷം സീത ഗംഗാപൂജനടത്തുന്നു. പിന്നീട് യമുനകടന്നപ്പോള്‍ യമുനാപൂജയും പുഷ്പ ഫലാദികള്‍ തന്നുരക്ഷിക്കണം, ആപത്തൊന്നുമുണ്ടാവരുതെന്നും സുരമാംസാദികളെക്കൊണ്ട് പൂജിക്കാമെന്നുമാണ് സീതയുടെ പ്രാര്‍ത്ഥന. വനത്തിലെത്തിയതും രാമന്‍തന്റെ മനസ്സിനെ അണതുറന്നുവിടുന്നു. ‘‘ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളില്‍ ഏറ്റവും പ്രബലന്‍ കാമം തന്നെ. മറ്റ് മൂന്നിനേയും നശിപ്പിക്കുന്നതിന്നതും. രാജാവ് കാമ വശനായതിനാലാണല്ലോ ഈ ആപത്തെല്ലാംവന്നു പിണഞ്ഞത്. ഭരതനും കൈകേയിക്കും മാത്രം സുഖമാണിന്ന്. ലക്ഷ്മണാ നീ തിരിച്ചുചെന്ന് കൈകേയി അമ്മയില്‍നിന്നും സുമിത്രാ കൗസല്യമാരെ കാക്കണം.’’ ലക്ഷ്മണന്‍ പറഞ്ഞത് ‘‘ഒറ്റക്ക് എതിര്‍ക്കുന്നവരെ അരിഞ്ഞുതള്ളി രാജ്യം പിടിച്ചടുക്കാനാവാഞ്ഞിട്ടല്ല. സത്യധര്‍മ്മാദികള്‍ക്ക് എതിരാവുമല്ലോ, പരലോകത്ത് പുണ്യം നേടാനാവില്ലല്ലോ എന്ന് ഓര്‍ത്തുമാത്രമാണ് ഞാനതുചെയ്യാത്തത്.’‘ എന്നാണ്. സിംഹക്കുട്ടികളെപ്പോലെ നിര്‍ഭയരായി രണ്ടുപേരും കാട്ടിലേയ്‌ക്ക് പോയി.
ആദ്യമെത്തിയത് ഭരദ്വാജാശ്രമത്തിലാണ്. വനവാസം ഇവിടെയാവാമെന്ന് പറഞ്ഞ് മഹര്‍ഷി സല്‍ക്കരിച്ചു. രാത്രി വിശ്രമശേഷം മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ചിത്രകൂടപര്‍വതത്തിലേയ്‌ക്ക് നീങ്ങി. യമുനാനദികടക്കാന്‍ (അന്നത്തെ യാത്രാമാര്‍ഗം) മുളകൊണ്ട് ചങ്ങാടമുണ്ടാക്കിയത് ലക്ഷമണനാണ്. സീതക്കിരിക്കാന്‍ കരിമ്പും വള്ളികളുംകൊണ്ട് ഒരു ഇരിപ്പിടവുമുണ്ടാക്കി. വനജീവിതത്തിന്റെ ആനന്ദം സീതയ്‌ക്കും അനുഭവപ്പെട്ടുതുടങ്ങി നദികടന്ന് ഒരു വന്‍മരത്തിന്റെ കീഴെ രാത്രിഉറങ്ങി. സാധാരണ പറയുന്നതില്‍നിന്ന് ഭിന്നമായി ലക്ഷ്മണനും ഉറങ്ങി. ഉണര്‍ന്നശേഷം വൃക്ഷത്തേയും വനദേവതമാരേയും ആത്മാക്കളേയും പൂജിക്കുന്നു. വൈദിക ദേവനാമങ്ങള്‍പോലും ഒന്നുരണ്ടുമാത്രം. ഗ്രന്ഥത്തിന്റെ പ്രാചീനതയും (വൈദികകാലം 8000-10000വര്‍ഷം മുതല്‍) പ്രാരംഭ സാമൂഹ്യ സംസ്‌കാരവുമാണ് ഇതില്‍പ്രതിഫലിക്കുന്നത്.
ചിത്രകൂടത്തിലെത്തി ശ്രീരാമന്‍ സീതയോട് പഴങ്ങളും തേനും നിറഞ്ഞ മനുഷ്യരെത്താത്ത ഈസ്ഥലം വാസത്തിന് യോജ്യമാണെന്നു പറഞ്ഞു. ലക്ഷ്മണന്‍ രാമാജ്ഞകിട്ടി പെട്ടെന്നുതന്നെ മരവും വള്ളികളുംകൊണ്ട് നല്ലൊരു കുടില്‍ പണിതു. അതില്‍ വാസവും തുടങ്ങി. അടുത്തുതന്നെയുള്ള വാല്‍മീകി ആശ്രമം സന്ദര്‍ശിക്കുകയുംചെയ്തു.
ആദ്ധ്യാത്മ രാമായണത്തില്‍ വാല്‍മീകി ആശ്രമത്തില്‍ എത്തിയശേഷം അദ്ദേഹം ജ്ഞാനികള്‍ ഭക്തര്‍, യോഗികള്‍ വിരക്തര്‍ എന്നിവരുടെ ഹൃദയം അങ്ങേയ്‌ക്ക് വാസസ്ഥാനമാണെന്ന് പറയുന്നു. കരി തുടച്ച് ചിമ്മിനിയിലൂടെ തരിനാളം തെളിഞ്ഞ് കാണുന്നത് പോലെ ഈശ്വരപ്രകാശം ഇവരില്‍തെളിഞ്ഞ് കാണപ്പെടുന്നു. കടലാസൊട്ടിച്ച ബള്‍ബുപോലെ മറ്റുള്ളവരില്‍ മറഞ്ഞുമിരിക്കുന്നു.
തുടരും
















