ന്യൂദൽഹി: റെയിൽവേയിലെ ജനറൽ ക്ലാസ് യാത്രയുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ അത്യാധുനിക അൺ റിസർവ്ഡ് കോച്ച് ‘ദീൻ ദയാലു’വിന് പച്ചക്കൊടി. ഇതിന്റെ ഉദ്ഘാടനം റെയിൽവേ മന്ത്രി സുരേഷ് പ്രഭു നിർവ്വഹിച്ചു. കുടിവെള്ളം, മൊബൈൽ ചാർജ്ജിങ് പോയിന്റ്, ബയോ ടോയ്‌ലറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ഈ കോച്ചുകൾക്കുണ്ട്. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളിലായിരിക്കും ഇവ ഉപയോഗിക്കുക.
റെയിൽ ബജറ്റിൽ പ്രഖ്യാപിച്ച് നടപ്പാക്കിയ ഒട്ടേറെ പദ്ധതികളിൽ ഏറ്റവും പുതിയതാണിത്. ഈ കോച്ചുകളിൽ സീറ്റിന് വൻതോതിൽ ആവശ്യക്കാരുണ്ടെന്ന്ആദ്യ ദീൻ ദയാലു കോച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം സുരേഷ് പ്രഭു പറഞ്ഞു.
ശുദ്ധീകരിച്ച ജലം നൽകാനുള്ള സംവിധാനം, കുഷ്യൻ ലഗേജ് സംവിധാനം, ഡസ്റ്റ് ബിൻ തുടങ്ങിയവയുള്ള ഒരു കോച്ചിന്റെ നിർമ്മാണത്തിന് 81 ലക്ഷം രൂപയാണ് ചെലവ്. ഇത്തരത്തിൽ 700 ആധുനിക കോച്ചുകളാണ് നിർമ്മിക്കുന്നത്.
എൽഇഡി ലൈറ്റുകളും അഗ്നിശമന സംവിധാനങ്ങളും അലൂമിനിയത്തിലുള്ള ഇന്റീരിയർ പാനും പ്രത്യേകതകളായിരിക്കും.
വളരെ പെട്ടെന്ന് തന്നെ പുതിയ നാല് സർവ്വീസുകൾ ആരംഭിക്കും. ആദ്യത്തെത് തേജസ്, രണ്ടാമത്തെ ഹംസവർ, ഉദയ, അന്ത്യോദയ സർവ്വീസുകളാണ് ആരംഭിക്കുന്നത്. സാധാരണക്കാരന്റെ താത്പര്യം നരേന്ദ്ര മോദി സർക്കാർ സംരക്ഷിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ കോച്ചുകളെന്നും മന്ത്രി പറഞ്ഞു.
ആവശ്യത്തിനനുസരിച്ച് ഇവ ഉത്പാദിപ്പിക്കും. ചെന്നൈയിലെ ഇന്റഗ്രഡ് കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിലും മാസത്തിൽ 15-20 കോച്ചുകൾ വീതം നിർമ്മിക്കുമെന്ന് റെയിൽവേ മെമ്പർ (മെക്കാനിക്കൽ) ഹേമന്ത് കുമാർ പറഞ്ഞു.















