കരൂര്‍: റിസര്‍വ് ബാങ്കിന്റെ മൈസൂര്‍ കേന്ദ്രത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു പണം കൊണ്ടുവന്ന കണ്ടൈയ്‌നര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേടായത് ആശങ്കയ്‌ക്കിടയാക്കി. സൈന്യത്തിന്റെ അകമ്പടിയോടെ പണവുമായെത്തിയ എത്തിയ രണ്ടു കണ്ടെയനറുകളില്‍ ഒന്നാണ് കേടായത്. ഇതോടെ അകമ്പടി സേവിച്ചിരുന്ന എട്ടോളം സിആര്‍പിഎഫ് ജവാന്മാര്‍ സായുധരായി നിരന്നത് നാട്ടുകാരില്‍ അത്ഭുതവും ആശങ്കയുമുണ്ടാക്കി.
40 അടി നീളമുള്ള രണ്ട് കണ്ടൈയ്‌നറുകളില്‍ ഒന്നിന്റെ ആക്‌സില്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് വഴിയില്‍ പെട്ടുപോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കര്‍ണ്ണാടക പോലീസ് ശക്തമായ സംരക്ഷണവും കാവലും ഏര്‍പ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് കണ്ടൈനറില്‍ എന്തെന്നറിയാനുള്ള ആകാംക്ഷയും കൂടി.
തമിഴ്‌നാട്ടില്‍ മലൈകോവിലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കരൂരിലാണ് വാഹനം തകരാറിലായത്. പിന്നീട് ഡിണ്ഡിഗലില്‍ നിന്നും മെക്കാനിക്ക് എത്തിയശേഷമാണ് വാഹനത്തിന്റെ തകരാറുകള്‍ പരിഹരിച്ചത്. കേടായ സമയമുഴുവനും പോലീസ് വാഹനത്തിന് കാവല്‍ നിന്നിരുന്നു. എത്രമാത്രം പണം അതിലുണ്ടായിരുന്നു എന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.















