ന്യൂദല്‍ഹി: യുപിയിലെ നേതാവ് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറഞ്ഞ് ബിജെപി മാതൃകയായി. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്ന് നേതാവിനെ വിലക്കുകയും പാര്‍ട്ടി ഉപാദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
യുപി വൈസ് പ്രസിഡന്റ് ദയാശങ്കറാണ് മായാവതി പാര്‍ട്ടി ടിക്കറ്റ് ലേലം ചെയ്യുകയാണെന്നും കൂടുതല്‍ പണം നല്‍കുന്നവര്‍ക്കാണ് സീറ്റ് നല്‍കുന്നതെന്നും അവര്‍ ചില മോശം സ്ത്രീകളെപ്പോെലയാണ് പെരുമാറുന്നതെന്നും ആരോപിച്ചത്. കാന്‍ഷിറാമിന്റെ ആദര്‍ശങ്ങളില്‍ നിന്ന് മായാവതി വ്യതിചലിച്ചതായും ദയാശങ്കര്‍ ആരോപിച്ചു.
സീറ്റ് നല്‍കാന്‍ ആദ്യം ഒരു കോടി രൂപയാണ് മായാവതി വാങ്ങുന്നതെന്നും അല്പ്പം കഴിഞ്ഞ് അതേ സീറ്റ് രണ്ടു കോടിക്ക് മറ്റൊരാള്‍ക്കും വൈകിട്ട് മൂന്നു കോടിക്ക് മൂന്നാമതൊരാള്‍ക്കും നല്‍കുമെന്നും ദയാശങ്കര്‍ പറഞ്ഞു.
വിവാദത്തില്‍ ദയാശങ്കര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് മൗര്യ മുന്നറിയിപ്പ് നല്‍കി. ദയാശങ്കറിന്റെ പ്രസ്താവനയെച്ചൊല്ലി പാര്‍ലമെന്റിലും ബഹളമുണ്ടായി. തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മായാവതിയോട് മാപ്പു പറഞ്ഞു.















