ഹൈദരാബാദ്: ഭാരത വംശജനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഒപ്പം താമസിച്ച സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ സങ്കീര്‍ത്ത് വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന സായ് സന്ദീപിനെ പോലീസ് അറസ്റ്റു ചെയ്തു.
സങ്കീര്‍ത്തും സായി സന്ദീപും (27) തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പതിനഞ്ച് ദിവസം മുമ്പാണ് സന്ദീപ് ഓസ്റ്റിനില്‍ എത്തിയത്. ശേഷം സങ്കീര്‍ത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സുഹൃത്തായ പ്രാനീത് കൊലപാതകത്തിന് ദൃക്സാക്ഷിയാണ്. സംഭവ സമയം പ്രതി മദ്യപിച്ചിരുന്നതായി പ്രാനീത് മൊഴി നല്‍കിയിട്ടുണ്ട്.
സങ്കീര്‍ത്തിനെ പ്രതി ആക്രമിക്കുന്ന സമയം മറ്റൊരു മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു പ്രാനീത്. ശബ്ദം കേട്ട് ഓടിയെത്തിയ ഇയാള്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന സങ്കീര്‍ത്തിനെയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വയറ്റില്‍ കുത്തേറ്റ സങ്കീര്‍ത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സങ്കീര്‍ത്തിന്റെ പിതാവ് ജി. വിജയ കുമാര്‍ തെലങ്കാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. സ്ഥിരം സ്‌കൈപ്പിലൂടെ അച്ഛനമ്മമാരുമായി സംസാരിക്കാറുള്ള സങ്കീര്‍ത്ത് സുഹൃത്തുമായി എന്തെങ്കിലും പ്രശ്നമുള്ളതായി അവരോട് പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.
പഠനത്തിനായി രണ്ടര വര്‍ഷം മുന്‍പാണ് സങ്കീര്‍ത്ത് യുഎസില്‍ പോയത്. എംഎസ് പഠനത്തിനുശേഷം മൂന്നുമാസങ്ങള്‍ക്കുമുന്‍പ് ഓസ്റ്റിനില്‍ ജോലിക്കു കയറിയിരുന്നു. ഈ മാസം ആദ്യമാണ് ഗൗഡ് സങ്കീര്‍ത്തിന്റെ കൂടെ ഒരുമുറിയില്‍ താമസമാരംഭിച്ചത്.















