ന്യൂദല്‍ഹി: കാലങ്ങളായി രാഷ്‌ട്രീയ എതിരാളികളും ദേശവിരുദ്ധരും കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും എല്ലാം ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ രാഷ്‌ട്രീയ സ്വയം സേവകസംഘത്തെ അപമാനിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ഗാന്ധിഘാതകര്‍ എന്നത്.
മഹാത്മാഗാന്ധിയുടെ വധവുമായോ കൊലയാളിയുമായോ ഒരു തരത്തിലുള്ള ബന്ധവും ഇല്ലാതിരുന്നിട്ടും പതിറ്റാണ്ടുകളായി സംഘം ഈ ദുഷ്‌പ്പേര് കേള്‍ക്കുന്നു.
ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെ ഒരിക്കല്‍ ആര്‍എസ്എസില്‍ പോയിരുന്നുവെന്ന ഒരൊറ്റക്കാരണം കൊണ്ടുമാത്രമാണ് ദേശീയ പ്രസ്ഥാനത്തെ ഇക്കൂട്ടര്‍ നിരന്തരം അവഹേളിച്ചുപോരുന്നത്. ആര്‍എസ്എസിനെ ഇങ്ങനെ സ്ഥിരമായി അപമാനിക്കുക ഇവരുടെ ഒരു ക്രൂരവിനോദം തന്നെയായിരുന്നു.
ആ അരുംകൊലയുമായി, സംഘത്തിന് ഒരു ബന്ധവുമില്ലെന്ന് അനവധി തവണ ആവര്‍ത്തിച്ചിട്ടും, അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടും ഇവര്‍ ആരോപണം ഒരു ദിനചര്യപോലെ തുടര്‍ന്നു. ഇതല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയാനുമില്ല. ആര്‍എസ്എസ് എന്ന പ്രസ്ഥാനം രാജ്യത്തിന് നല്‍കിയ വലിയ സംഭാവനകള്‍ അവഗണിച്ചും അവഹേളിച്ചും രാഷ്‌ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നത്.
തങ്ങള്‍ ഊറ്റം കൊള്ളുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭ്യര്‍ഥന മാനിച്ച് ആര്‍എസ്എസ് റിപ്പബ്‌ളിക് ദിന പരേഡില്‍ പങ്കെടുത്തിരുന്നുവെന്ന സത്യം പോലും മറച്ചുവച്ചായിരുന്നു ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നതും. ഇതേപാതയിലായിരുന്നു രാഹുല്‍ ഗാന്ധിയും. അതാണ് ആര്‍എസ്എസാണ് ഗാന്ധിജിയെ വധിച്ചതെന്ന് പറയാന്‍ രാഹുലിനെ പ്രേരിപ്പിച്ചതും.
ഗാന്ധിജിയുടെ വധത്തിന്റെ പേരില്‍ സംഘടനയെ അടച്ചാക്ഷേപിച്ച രാഹുലിന് രാജ്യത്തെ പരമോന്നത നീതി പീഠം കനത്തയടിയാണ് നല്‍കിയത്. ഇത് രാഹുലിന് മാത്രമല്ല ഇങ്ങനെ നാടു നീളെ പ്രസംഗിച്ചും ദേശീയ പ്രസ്ഥാനത്തെ അവഹേളിച്ചും നടക്കുന്നവര്‍ക്കെല്ലാം മുഖത്തേറ്റ അടിയാണ് കോടതി വിധി. വായില്‍തോന്നുന്നതെല്ലാം വിളിച്ചു പറഞ്ഞ് നടക്കുന്നവര്‍ ഇനി ആര്‍എസ്എസിനെ പുലഭ്യം പറയാന്‍ ഒന്നുമടിക്കും.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് താനെയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്താണ് രാഹുല്‍ ആര്‍എസ്എസിനെതിരെ അധിക്ഷേപം ചൊരിഞ്ഞത്. രാജ്യസ്‌നേഹം ഹുദയത്തില്‍ സൂക്ഷിക്കുന്ന
ലക്ഷക്കണക്കിന് സ്വയം സേവകരില്‍ ഒരാളാണ് രാഹുലിന് എതിരെ കേസ് നല്‍കിയ രാജേഷ് കുന്ദെ.കുന്ദെ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ആര്‍എസ്എസിന് മാനക്കേട് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് രാഹുല്‍ അന്ന് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റീസ് എംഎല്‍ തഹിലിയാനി കണ്ടെത്തിയിരുന്നു.
പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് രാജ്യത്തെ പരമോന്നത നീതി പീഠം രാഹുലിനെ ശാസിച്ചിരിക്കുന്നത്.















