ലണ്ടന്‍: വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന്റെ സഹോദരി പിപ്പ മിഡില്‍ടണിന്റെയും ഹെഡ്ജ് ഫണ്ട് മാനേജര്‍ ജയിംസ് മാത്യൂസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ചേര്‍ന്നാണ് വിവാഹകാര്യം പുറത്തുവിട്ടത്. അടുത്ത വര്‍ഷമായിരിക്കും ഇവരുടെ വിവാഹം.
പിപ്പയും ജയിംസും വിവാഹിതരാകാന്‍ പോകുന്ന എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. അതിനിടയിലാണ് ബ്രിട്ടന്റെ പ്രസ് അസോസിയേഷനു നല്‍കിയ പ്രസ്താവനയില്‍ ഇവര്‍ വിവാഹകാര്യം സ്ഥിരീകരിച്ചത്.
ലണ്ടനിലെ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന പിപ്പയുടെ ചിത്രങ്ങളില്‍ ഇടതു കൈയില്‍ ഒരു വജ്രമോതിരം ധരിച്ചിരുന്നത് വാര്‍ത്തയായിരുന്നു. മനോഹരമായ ലേക്ക് ഡിസ്ട്രിക്ക്റ്റില്‍ വച്ചാണ് 40കാരനായ ജയിംസ് 32കാരിയായ പിപ്പയോട് പ്രണയം തുറന്നു പറഞ്ഞത്.
2011ല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍ നടന്ന പിപ്പയുടെ മൂത്ത സഹോദരി കേറ്റ് മിഡില്‍ടണിന്റെയും വില്യം രാജകുമാരന്റെയും രാജകീയ വിവാഹത്തില്‍ പ്രധാന പങ്ക് വഹിച്ചത് ജയിംസ് ആയിരുന്നു.
















