ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധ വേളയില്‍ പാക്കിസ്ഥാന്റെ വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഭാരതം തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെയും വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിംഗിന്റെയും ഇടപെടലുകള്‍ മൂലം യുദ്ധം ഒഴിവാകുകയായിരുന്നു.
1993 ജൂണ്‍ 13ന് പുലര്‍ച്ചെ ശക്തമായ വ്യോമാക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറെടുക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും പ്രധാന വ്യോമസേനാതാവളമായ റാവല്‍പിണ്ടിയിലെ ചാക് ലാലയിലടക്കം ആക്രമണം നടത്താനായിരുന്നു ഭാരത വ്യോമസേനയുടെ പദ്ധതി.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഭാരതത്തിലെത്തിയ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിപോയതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന് സജ്ജരാവാന്‍ വ്യോമസേനയ്‌ക്ക് നിര്‍ദേശം ലഭിച്ചത്.
ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു തുടര്‍ന്നുള്ള നീക്കങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 16 യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്താന്‍ സജ്ജമായി നിന്നു. ആക്രമണലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും റൂട്ട്മാപ്പടക്കംതയ്യാറാക്കുകയും ചെയ്തിരുന്നു.
ഭാരത വ്യോമസേന നിലയുറപ്പിച്ചിരുന്ന പാക് അധീനപ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ഇറങ്ങേണ്ടി വന്നാല്‍ ഉപയോഗിക്കാനായി പാക് കറന്‍സിയും വ്യോമസേന പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്നു.
അതേസമയം ഭാരത സൈനികര്‍ സജ്ജരായിരുന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ദല്‍ഹിയില്‍ നിന്നും നിര്‍ദേശം ലഭിക്കാതത്തിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് 12.30ഓടെ പൈലറ്റുമാരെ വ്യോമസേന തിരിച്ചു വിളിക്കുകയായിരുന്നു.
പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് പദ്ധതി റദ്ദാക്കിയതെന്നും സൂചനയുണ്ട് .
ഭാരത മണ്ണിലേക്ക് നുഴഞ്ഞുകയറ്റം നടത്തി കാര്‍ഗില്‍ കുന്നില്‍ നിലയുറപ്പിച്ച പാക് പട്ടാളത്തെ തുരത്താന്‍ നിയന്ത്രണ രേഖ അല്‍പ്പമൊന്ന് ഭേദിക്കുന്നത് ഭാരത സൈന്യത്തിന് ഏറെ സഹായകരമാകുമെന്ന് വ്യോമസേനാ മേധവി പ്രത്യേകമായി അഭ്യര്‍ഥന നടത്തിയെങ്കിലും, നിയന്ത്രണ രേഖ ലംഘിക്കരുതെന്ന ഉറച്ച നിലപാടാണ് വാജ്പേയി സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്കു വഴുതിപ്പോകാതിരിക്കാന്‍ സഹായകമായത് അന്നത്തെ സര്‍ക്കാരിന്റെ ഈ നിലപാട് മൂലമായിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈനിക പിന്മാറ്റത്തിന് പാക്കിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയുണ്ടായി.















