കോയമ്പത്തൂര്‍: സോളാര്‍കേസിലെ പ്രതി സരിതാ നായര്‍ തമിഴ്‌നാട്ടിലും ബോംബ് പൊട്ടിച്ചു. ഡിഎംകെ നേതാവും യുപിഎ സര്‍ക്കാരിലെ മുന്‍കേന്ദ്രമന്ത്രിയുമായ എസ്.എസ്. പളനി മാണിക്യം ചില നികുതി പ്രശ്നങ്ങളില്‍ തന്നെ സഹായിച്ചുവെന്നാണ് സരിതയുടെ ആരോപണം. സരിതയുടെ ആത്മകഥ ഒരു തമിഴ് മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.
അതിനു തൊട്ടുപിന്നാലെയാണ് ഡിഎംകെ നേതാവിനെതിരെ ആരോപണവുമായി വന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കോടതിയില്‍ മൊഴി നല്‍കിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അവര്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയടക്കം 18 മുന്‍മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പളനിമാണിക്യം തഞ്ചാവൂരില്‍ നിന്നുള്ള എംപിയായിരുന്നു. 96 മുതല്‍ അഞ്ചു തവണ തുടര്‍ച്ചയായി എംപിയായി. 2009 മുതല്‍ മാര്‍ച്ച് 2012 വരെ കേന്ദ്രധനകാര്യസഹമന്ത്രിയായിരുന്നു. തമിഴ്‌നാട്ടിലെ 13 രാഷ്‌ട്രീയക്കാര്‍ തന്റെ കൈയ്യില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും പിന്നീട് ഇവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.















