ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയില്‍ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും. ഇവരുള്‍പ്പെടെ 10 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റിയാനോക്ക് പുറമെ റയല്‍ മാഡ്രിഡില്‍ നിന്ന് മൂന്ന് താരങ്ങള്‍ കൂടി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വെയ്ല്‍സ് സൂപ്പര്‍താരം ഗരെത്ത് ബെയ്ല്‍, ജര്‍മ്മന്‍ താരം ടോണി ക്രൂസ്, പോര്‍ച്ചുഗലില്‍ നിന്നുള്ള പ്രതിരോധനിര താരം പെപ്പെ എന്നിവരാണ് റയല്‍ മാഡ്രിഡില്‍ നിന്ന് അവസാന പത്തില്‍ ഇടംപിടിച്ചവര്‍.
ബാഴ്‌സലോണയില്‍ നിന്ന് മെസ്സിക്ക് പുറമെ ഉറുഗ്വെ താരം ലൂയി സുവാരസും പട്ടികയില്‍ ഇടംനേടി. അതേസമയം ബ്രസീലിയന്‍ താരം നെയ്‌മര്‍ക്ക് ചുരുക്കപ്പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും രണ്ടുപേര്‍ ഇടംപിടിച്ചു. ജര്‍മ്മന്‍ താരങ്ങളും ദേശീയ ടീമിന്റെ ഗോളിയുമായ മാനുവല്‍ ന്യുയര്‍, മുന്നേറ്റനിര താരം തോമസ് മുള്ളവര്‍ എന്നിവരാണ് അവസാന പത്തില്‍ ഇടംനേടിയത്.
ഇറ്റാലിയന്‍ ക്ലബ് ജുവന്റസില്‍ നിന്ന് ജിയാന്‍ലൂജി ബഫണും, അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രിസ്മാനുമാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ മറ്റുള്ളവര്‍. യൂറോ കപ്പിലെ മിന്നും താരമായ ഗ്രിസ്മാന്‍ പട്ടികയില്‍ ഏറ്റവും കരുത്തന്മാരിലൊരാളാണ്.
യുവേഫയില്‍ അംഗത്വമുള്ള 55 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് പത്ത് പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയത്. 30 പേരില്‍ നിന്നാണ് പത്ത് പേരുടെ പട്ടിക തയ്യാറാക്കിയത്.
ആഗസ്റ്റ് അഞ്ചിന് മൂന്ന് പേരുടെ ചുരുക്ക പട്ടിക പുറത്തിറക്കും. കഴിഞ്ഞ വർഷം ബാഴ്‌സലോണ താരം ലയണൽ മെസിയാണ് യൂറോപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
















