കട്ടപ്പന: വനനശീകരണവും ചന്ദനകൊള്ളയ്‌ക്കും പുറമെ കസ്തൂരിരംഗന്‍ പട്ടയം എന്നീ പ്രശ്‌നങ്ങളുടെ മറവില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ചുളുവിലയ്‌ക്ക് കൃഷിയിടങ്ങളില്‍ നിന്നും വാങ്ങി വന്‍തോതില്‍ വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടി കടത്തുന്നു. ദിനംപ്രതി ഹൈറേഞ്ചില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടികളാണ് മലയിറങ്ങുന്നത്. മാവ്, പ്ലാവ്, ആഞ്ഞിലി, മഹാഗണി, ഇയര്‍വാഗ, മരുത് തുടങ്ങി ലക്ഷക്കണക്കിന് വില വരുന്ന മരങ്ങളാണ് കര്‍ഷകരെ കമ്പളിപ്പിച്ച് ചുളുവിലയ്‌ക്ക് കടത്തുന്നത്. ഇതോടൊപ്പം കര്‍ശന നിയന്ത്രണങ്ങളുള്ള ഏലത്തോട്ടങ്ങളില്‍ നിന്നുപോലും ശിഖരം മുറിക്കലിന്റെയും മരങ്ങള്‍ കടപുഴകലിന്റെയും പേരില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് കടത്തി കൊണ്ടിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്‌ട്രീയ നേതാക്കളുടെയും ഒത്താശയോടെയാണ് തടി കടത്തികൊണ്ടുപോകുന്നത് എന്ന ആക്ഷേപമുണ്ട്. പാഴ് തടിയെന്ന പേരിലെടുക്കുന്നതും കാലാവധി കഴിഞ്ഞതുമായ പാസുമായിട്ടാണ് വണ്ടികളില്‍ തടികള്‍ കൊണ്ടുപോകുന്നത്. ഇത് കൈമടക്കിന്റെ ബലത്തില്‍ അളവിലേറെ തടികള്‍ കുത്തി നിറച്ച് തടി ലോറികള്‍ രാത്രി കാലങ്ങളില്‍ യാതൊരു ചെക്കിംഗുകളുമില്ലാതെ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. പുല്ലുപാറ, കമ്പംമെട്ട്, കട്ടപ്പന, വഴിക്കടവ്, ഊന്നുകല്‍, കുരുതിക്കളം എന്നിവിടങ്ങളിലാണ് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ വരെ ഇടുക്കി ഡാമിനു സമീപം വനം വകുപ്പിന്റെ പരിശോധനയും ഉണ്ട് എന്നാലും ഇവിടങ്ങളിലൂടെ രാത്രിയിലെത്തുന്ന ഏത് തടി ലോറികള്‍ക്കും നിശ്ചിത പടി നല്‍കിയാല്‍ യാതൊരു പരിശോധനയും കൂടാതെ ലക്ഷ്യ സ്ഥാനത്തെത്തിക്കാം. ഈ അനധികൃത മരം വെട്ടിനും തടി കടത്തലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ക്ഷണിച്ചുവരുത്തിക്കൊണ്ടിരിക്കുന്നത്. മരം മുറിക്കല്‍ കൊണ്ട് ഹൈറേഞ്ചിലെ കാലാവസ്ഥത്തന്നെ തകിടം മറിഞ്ഞിരിക്കുകയാണ്. കട്ടപ്പന, കുമളി, നെടുംങ്കണ്ടം, രാജാക്കാട്, ഉപ്പുതറ, കാഞ്ചിയാര്‍, ഇരട്ടയാര്‍, തുടങ്ങിയ മേഖലകളിലാണ് തടി മാഫിയ പിടി മുറുക്കിയിരിക്കുന്നത്. വന്‍ തുക കമ്മീഷന്‍ നല്‍കി ഏജന്റുമാരെ കയ്യിലെടുത്താണ് കര്‍ഷകരെ വഞ്ചിച്ച് വന്‍ തോതില്‍ മരങ്ങള്‍ വെട്ടി കടത്തുന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പലയിടങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നു.
















