ദല്‍ഹി: ദല്‍ഹിയില്‍ പത്ത് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ അടിയന്തരമായി റദ്ദാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണം നേരിടാനാണ് ഇത്തരത്തിലൊരു ഉത്തരവ്. ആര്‍ടിഒമാര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ശേഷം ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനും രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളുടെ പട്ടിക ദല്‍ഹി ട്രാഫിക് പോലീസിന് നല്‍കാനും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ നിദ്ദേശിച്ചു. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ലെന്ന് ദല്‍ഹി ട്രാഫിക് പോലീസ് ട്രൈബ്യൂണലില്‍ ബോധിപ്പിച്ചു. പിഴ ചുമത്തിയിട്ടും അത്തരം ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. ട്രാഫിക് പോലീസ് പറഞ്ഞു. പിഴ ഇടാക്കിയ ശേഷം മജിസ്‌ട്രേറ്റുമാര്‍ വാഹനം പറഞ്ഞുവിടും. അവ വീണ്ടും റോഡിലിറങ്ങും അതാണ് അവസ്ഥ- പോലീസ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ എത്രയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനും ഹരിത ട്രൈബ്യൂണല്‍ കേന്ദ്രഘടവ്യവസായ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഴയ വാഹനം ഉപേക്ഷിച്ച് ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു നല്‍കാന്‍ കഴിയുമെന്നും മന്ത്രാലയേത്താട് ആരാഞ്ഞു.
ഇക്കാര്യം എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരെയും കത്തെഴുതി അറിയിക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ദില്ലി സര്‍ക്കാരിനോട് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനായി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും 15 വര്‍ഷത്തിനു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ദില്ലിയില്‍ ഇപ്പോള്‍ നിരോധനമുള്ളത്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 4,00,000 ത്തോളം ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കാം.















