ആചാര സമൃദ്ധമാണ് നമ്മുടെ കർക്കിടകം. വിവിധ അനുഭവങ്ങൾ നമുക്കിടയിൽ കാണും അതുപോലൊരു ചടങ്ങിനെകുറിച്ച്….
കർക്കിടക സംക്രാന്തിയിൽ ഗൃഹവും പരിസരവും വൃത്തിയാക്കി വച്ച് അറയിൽ പറ നിറയ്‌ക്കുന്നു. കർക്കടകം ഒന്നാം തീയതി സൂര്യോദയത്തിന് മുൻപ് എഴുന്നേറ്റ് കുളിച്ച് അലക്കിയതുടുത്ത് ദശപുഷ്പം ചൂടി അറയിൽ ഭദ്രദീപം കൊളുത്തി നിവേദ്യം നടത്തുന്നു. ഞാൻ ജനിച്ചുവളർന്ന കോഴിക്കോട് പ്രദേശത്ത് നിലവിലുള്ള ഒരു ഭക്തിരസപ്രദമായ ചടങ്ങാണിത്.
മുക്കിടി
നിവേദ്യത്തിലെ ഒരു പ്രധാന ഇനമാണിത്. കുടകപ്പാല സമൂലം അരച്ച് മോരിൽ കലക്കി ഉണ്ടാക്കുന്നതാണിത്. മൺചട്ടിയിലാണ് ഇത് പകർന്നുവയ്‌ക്കുക. കുടകപ്പാലയുടെ തന്നെ ഇലകുത്തിയാണ് ഇത് കോരിക്കുടിക്കുന്നത്. നിവേദ്യവും ഗണപതിഹോമവും കഴിഞ്ഞാൽ മുക്കിടി സേവയായി.
അന്ന് ഇതിലെ എല്ലാ ചടങ്ങുകളിലും ഉത്സഹാപൂർവം പങ്കെടുത്തിരുന്നെങ്കിലും മുക്കിടി കഴിക്കാറില്ല. അമ്മ കാണാതെ ഈ ഔഷധം തുപ്പിക്കളയുകയാണ് പതിവ്.
അതിന്റെ അസഹനീയമായ കയ്‌പ്പ് അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു. വായിൽ ഒഴിച്ച ഔഷധത്തിന്റെ കയ്‌പ്പ് മാറാൻ ഗണപതി ഹോമത്തിന്റെ പ്രസാദം കഴിക്കുകയും ചെയ്യും. ഇന്ന് അതേക്കുറിച്ച് ഓർക്കുമ്പോൾ നഷ്ടബോധം ഉണ്ട്: അന്ന് ആ മുക്കിടി കഴിക്കാമായിരുന്നു എന്ന തിരിച്ചറിവും. പഴയ തലമുറ ആരോഗ്യത്തോടുകൂടി ദീർഘകാലം ജീവിച്ചിരുന്നത് ഇത്തരം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമാത്രമാണ്. ഇവയെല്ലാം വിവിധതരത്തിലുള്ള ഔഷധം നമ്മുടെ ഉള്ളിൽ ചെല്ലാനുള്ള കൗശലങ്ങളായിരുന്നു.
ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ ഊണ്. ചക്കപ്രഥമനാണ് മിക്കവാറും പായസം. ചക്ക ഇക്കാലത്ത് സുലഭവുമാണല്ലോ.വൈകുന്നേരമാണ് ആചാരത്തിന്റെ പരിസമാപ്തി.
ആല
വാഴപ്പോളകൊണ്ട് തട്ടുകൾ ആക്കി ഉണ്ടാക്കുന്നതാണ് ആല. ഗുരുതിയ്‌ക്കും അയ്യപ്പൻ വിളക്കിനും ഉണ്ടാക്കുന്നതിന് സമാനമായ ഒന്ന്. ആലയിൽ കാള, പശു, തത്ത, കാളവണ്ടി എന്നിവയുണ്ടാക്കിവയ്‌ക്കുന്നു.
പ്ലാവിലയും കുരുത്തോലയും ഈർക്കിലിയും ആണ് ഇതിന് ഉപയോഗിക്കുന്നത്.
സന്ധ്യയ്‌ക്ക് വിളക്ക് വച്ചശേഷം ഒരു തൂശനിലയിൽ ചോറും സദ്യ വട്ടങ്ങളും വിളമ്പി നിലവിളക്ക് കൊളുത്തിപ്പിടിച്ച്, ആലയും എടുത്ത്, മൂന്ന് തലയുള്ള ചൂട്ടും കത്തിച്ച് വാദ്യഘോഷങ്ങളും (അപ്പോൾ കൈയിൽ കിട്ടുന്ന സാധനങ്ങൾ ആണ് വാദ്യോപകരണങ്ങൾ) ആർപ്പും കുരവയുമായി പാലുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ കൊണ്ടുവച്ച്, മൂന്ന് പ്രദക്ഷിണം വച്ച് തൊഴുത് മടങ്ങുന്നു. ഗൃഹത്തിൽ തിരിച്ചെത്തിയാൽ കൂകി വിളിക്കുന്നു.
കലിയനെ വിളി
* കലിയാ കലിയാ മാണിക്യ കലിയാ വായോ
* സദ്യവന്നെടുത്തോണ്ട് പൊക്കോ
* പയ്യും മൂരിയേം കൊണ്ടോയ്‌ക്കൊ
ഈ സമയം വെളിപറിച്ച് (കാട്ടുചേമ്പ്) പുരപ്പുറത്തേയ്‌ക്ക് എറിയുന്നു. (അത് സത്യത്തിൽ എന്തിനാണെന്ന് എനിക്ക് അറിയില്ല.)
പിറ്റേ ദിവസം നേരം വെളുത്താൽ ഞങ്ങൾ കുട്ടികൾ കൗതുകപൂർവം കലിയനു കൊടുത്ത സ്ഥലത്തേയ്‌ക്ക് പായുകയായി.
അവിടെ ചെല്ലുമ്പോൾ ആല ആകെ മറിഞ്ഞ് ചിതറി കിടപ്പുണ്ടാകും. ഭക്ഷണാവശിഷ്ടങ്ങൾ അവിടെയും ഇവിടെയും. നിലവിളക്ക് ഉരുണ്ടുപോയി വേറെ ഒരിടത്ത്!!!
ഞങ്ങൾ ആഹ്ലാദാരവം മുഴക്കുകയായി. കലിയൻ വന്നു, തിന്നു. നിഷ്‌കളങ്ക ബാല്യത്തിന്റെ ആമോദം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: