ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തിന്റെ വാഹനം സൂക്ഷിക്കുന്ന ഷെഡ് തകര്‍ന്നനിലയില്‍. ലക്ഷങ്ങള്‍ വിലയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബസ് സൂക്ഷിക്കുന്ന ഷെഡാണ് അധികൃതരുടെ അനാസ്ഥമൂലം തകര്‍ന്നത്. പത്തുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ഷെഡ് പണിതത്. കഴിഞ്ഞ ദിവസമാണ് വലിയശബ്ദത്തോടെ ഇതിന്റെ വാതില്‍ അടര്‍ന്ന് വീണത്. ആംബുലന്‍സുകളും മറ്റുവാഹനങ്ങളുമെല്ലാം ഇതിന്റെ സമീപത്ത് പാര്‍ക്ക് ചെയ്യാറുണ്ട്. ഈ സമയത്ത് ഷെഡിന് സമീപം ആരും ഉണ്ടാവാത്തതിനാല്‍ അപകടം ഒഴിവായി. കേന്ദ്രസര്‍ക്കാരിന്റെ അന്ധതാനിവാരണ പദ്ധതിയില്‍പ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളേജിന് അനുവദിച്ചതാണ് ആംബുലന്‍സ്. ലേസര്‍ ചികിത്സയടക്കം നടത്താവുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകണങ്ങള്‍ ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ നേത്രചികിത്സയ്ക്കായി ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും ചികിത്സയ്ക്കും ഈ വാഹനം ഉപയോഗിച്ചുവരുന്നു. നേത്രരോഗവിഭാഗത്തിലെ മേധാവി ഡോ. എലിസബത്തിന്റെ പ്രത്യേക താല്‍പ്പര്യവും ഇതിന് പിന്നിലുണ്ട്. സംഭവം നടക്കുമ്പോള്‍ ഈ വാഹനം ഷെഡിന് പുറത്തായിരുന്നു. ഇപ്പോള്‍ വാഹനം ഷെഡില്‍ കയറ്റാനാവാത്ത അവസ്ഥയാണുള്ളത്. പൊളിഞ്ഞവാതില് കയര്‍ ഉപയോഗിച്ച് കെട്ടിനിര്ത്തിയിരിക്കുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ആധുനിക ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വാഹനം മഴയും വെയിലുമേറ്റ് കിടക്കുകയാണ്. അധികൃതരുടെ അനാസ്ഥയില്‍ ഈ വാഹനവും ഉപകരണങ്ങളും നശിക്കാതെയിരിക്കുവാന് അടിയന്തിരമായ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: