സിഡ്‌നി: അടുത്ത മാസം റിയോ ഡി ജനീറോയിൽ അരങ്ങേറുന്ന ഒളിമ്പിക്‌സിൽ ടെന്നീസ് മത്സരങ്ങളുടെ മാറ്റ് കുറയുന്നു. പ്രമുഖ താരങ്ങളുടെ പിന്മാറ്റമാണ് മത്സരങ്ങളുടെ ഗ്ലാമർ കുറയ്‌ക്കുന്നത്. പ്രമുഖ താരങ്ങളായ സിമോണ ഹാലപ്പും മിലോസ് റാവോണിച്ചും സിക്ക വൈറസ് ഭീഷണിയെത്തുടർന്ന് ഒളിമ്പിക്‌സിൽ നിന്ന് പിന്മാറി.
ഓസ്‌ട്രേലിയൻ ടെന്നീസ് കോച്ചും മുൻ സൂപ്പർതാരവുമായ ലെയ്റ്റൺ ഹെവിറ്റും ടീമിനൊപ്പം റിയോയിലേക്കെത്തില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ഹെവിറ്റ് പിന്മാറിയത്. ഹെവിറ്റിന് പകരമായി മാർക്ക് ഡാർപറെ ടീമിന്റെ പരിശീലകനായി ടെന്നീസ് ഓസ്‌ട്രേലിയ നിശ്ചയിച്ചു.
ഇവർക്ക് പുറമെ യുഎസിന്റെ ജോൺ ഇസ്‌നർ, ഓസ്ട്രിയയുടെ ഡൊമിനിക് തിയെം, ആസ്‌ട്രേലിയൻ താരങ്ങളായ ബെർണാഡ് ടോമിക്, നിക് കിർഗിയോസ്, സ്‌പെയിനിൻെറ ഫെലിസിയാനോ ലോപ്പസ് തുടങ്ങിയവരും വിവിധ കാരണങ്ങളാൽ ഒളിമ്പിക്‌സിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇറ്റലിയുടെ മുൻ ഫ്രഞ്ച് ഓപൺ ചാമ്പ്യൻ ഫ്രാൻസെസ്‌ക ഷിവാവോനും റിയോ ഒളിമ്പിക്‌സിനെ ബഹിഷ്‌കരിച്ചു.
ഓസീസ് സൈക്ലിങ് താരം സൈമൺ ജെറാൻസും റിയോയിലെത്തില്ല. തോളെല്ലിനേറ്റ പരിക്കാണ് ജെറാൻസിന് തിരിച്ചടിയായത്.
ഗോൾഫ് കളത്തിലും സിക്ക വൈറസ് കാരണം റിയോക്ക് വൻ നഷ്ടമാണ് ഉണ്ടായത്. ടോപ് നാല് താരങ്ങളായ ജേസൻ ഡേ, ജോർഡൻ സ്പീത്ത്, റോറി മക്‌റോയ്, ഡസ്റ്റിൻ ജോൺസൻ എന്നിവർ പിന്മാറിയിരുന്നു.
















