ന്യൂദൽഹി: ലോക സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ തുർക്കിയിലുള്ള മലയാളികളടക്കമുള്ള ഇന്ത്യൻ താരങ്ങൾ സുരക്ഷിതരെന്ന് കേന്ദ്ര സർക്കാർ. തുർക്കിയിലെ ഭാരത അംബാസഡറുമായി സംസാരിച്ചുവെന്നും താരങ്ങൾക്ക് അപകടമൊന്നുമില്ലെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ബെംഗളൂരുവിൽ പറഞ്ഞു.
താരങ്ങളും ഒഫീഷ്യലുകളും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും അറിയിച്ചു. ട്രാബ്‌സണിൽ നടക്കുന്ന മീറ്റിൽ 148 വിദ്യാർഥികളും 38 ഉദ്യോഗസ്ഥരുമാണ് ലോക സ്‌കൂൾ കായികമേളയ്‌ക്കായി തുർക്കിയിലേക്ക് പോയിരിക്കുന്നത്. ഇതിൽ 13 പേർ മലയാളികൾ. തുർക്കിയിലെ ട്രാബ്‌സണിലാണ് ഇവരുള്ളത്. എല്ലാവരും സുരക്ഷിതരെന്ന് മാനേജർ മലയാളിയായ ചാക്കോ ജോസഫും അറിയിച്ചു.
തുർക്കിയിൽ പട്ടാളം അട്ടിമറി ശ്രമത്തെ തുടർന്നുള്ള സംഭവങ്ങളാണ് താരങ്ങളെയും ബന്ധുക്കളെയും മുൾമുനയിലാക്കിയത്. മീറ്റിനു വേദിയായ ട്രാബ്‌സണിൽ പ്രശ്‌നങ്ങളില്ലെന്നാണു വിവരമെന്നും സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇവരെ തുർക്കിയിൽ നിന്ന് അയൽരാജ്യത്തേക്ക് കൊണ്ടുപോകും. തിങ്കളാഴ്ചയോടെ ടീമംഗങ്ങൾ നാട്ടിലേക്ക് മടങ്ങും.
















