തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളിലും മതതീവ്രവാദ സംഘടനകളുടെ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. ഇതുസംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് വിദേശബന്ധമുള്ള ചില സംഘടനകളുമായി ബന്ധപ്പെട്ടാണ് സെല്ലുകളുടെ പ്രവര്‍ത്തനം. സെക്രട്ടേറിയറ്റിലെ ചില ജീവനക്കാര്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ ജീവനക്കാരില്‍ ചിലരെ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. മതപരമായ താല്പര്യം പുലര്‍ത്തുന്നവരെ തിരിച്ചറിഞ്ഞ് ഇവരുടെ വിവരങ്ങള്‍ യെമനിലും ഈജിപ്തിലും സിറിയിലുള്ള ചില സംഘടനകള്‍ക്ക് കൈമാറുന്നുണ്ട്.
ആദ്യഘട്ടത്തില്‍ തീവ്ര മതബോധന പ്രഭാഷണങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഇവര്‍ക്ക് അയച്ചുകൊടുക്കും. ക്രമേണ സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ സംശയങ്ങള്‍ക്ക് സംഘടനകള്‍ മറുപടി പറയുകയും ഇവരെ പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയുമാണ് രീതി. പൂര്‍ണമായും വിശ്വസിക്കാവുന്നവരാണെന്ന് ഉറപ്പായാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നിയോഗിക്കപ്പെടും.
ഇത്തരത്തില്‍ സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരിക്ക് വിദേശത്തുനിന്നു വന്ന പാഴ്സല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം രഹസ്യാന്വേഷണവിഭാഗങ്ങള്‍ ഗൗരവമായെടുത്തത്. ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ നിന്നു വന്ന പാഴ്സലില്‍ സിഐഎംഎസ് കോര്പ്പറേഷന്, പി.ഒ.ബോക്സ് 874 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സമാനമായ നിരവധി പാഴ്സലുകള്‍ പല സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വരുന്നത് അന്വേഷണ ഏജന്‍സികള്‍ ഗൗരവമായെടുത്തിട്ടുണ്ട്. കേരളത്തില്‍ തീവ്രവാദികളുടെ 25 ഓളം സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
കോളേജുകള്‍ കേന്ദ്രീകരിച്ച് ലഷ്കര്‍ ഇ തൊയബ, അല്‍ ഖ്വയ്ദ എന്നിവയുമായി ബന്ധമുള്ള വനിതാ സംഘടനകളുടെ ഫോറങ്ങള്‍ സജ്ജമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങി കേരളത്തിലെ പ്രമുഖ കോളേജുകളില്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഐഎസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിരവധി സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ സാമൂഹ്യമാധ്യമങ്ങളാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് എന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികളെ വലയ്ക്കുന്നത്. വാട്സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആധുനിക സാമൂഹ്യമാധ്യമങ്ങള്‍ ഫലപ്രദമായി ഇവര്‍ തങ്ങളുടെ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നതായി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: