വര്‍ക്കല: കര്‍ക്കിടക വാവിന് വേണ്ടുന്ന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വി. ജോയി എംഎല്‍എ യുടെ നേതൃത്വത്തില്‍ വര്‍ക്കല ഗസ്റ്റ്ഹൗസില്‍ നടന്നു. പിഡബ്ല്യു ഡി, വാട്ടര്‍ അതോര്‍ട്ടി, പോലീസ്, എക്‌സൈസ്, റവന്യൂ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങി 15 ഓളം വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലവന്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ വാവ് ബലിയോടനുബന്ഡിച്ചു വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ബലിയിടുന്നതിനായി പാപനാശത്തു എത്തിച്ചേരുന്ന ഭക്ത ജനങ്ങള്‍ക്ക് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനു വര്‍ക്കല സിഐ സജീമോന്‍, ആറ്റിങ്ങല്‍ ആര്‍ടിഒ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി ആറു കേന്ദ്രങ്ങളില്‍ 15 ടാങ്കുകള്‍ സ്ഥാപിച്ച് ശുദ്ധജലം നല്‍കും. പാപനാശവുമായി ബന്ധപ്പെട്ട 15 ഓളം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കും. ഇതിനോടനുബന്ധിച്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മൂന്നു റെയ്ഞ്ചുകളില്‍ നിന്ന് 100 ഓളം ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. സുരക്ഷാ ക്രമീകരണത്തിന് വേണ്ടി ആയിരത്തോളം പോലീസുകാരെ വര്‍ക്കലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. ഷാഡോ പോലീസുകാരെയും വനിതാ പോലീസുകാരെയും നിയോഗിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ സിസി ക്യാമറ സ്ഥാപിച്ചു നിരീക്ഷിക്കും. വാവിനോടനുബന്ധിച്ചു ഫുഡ് ആന്റ് സേഫ്റ്റിയുടെ പരിശോധന വര്‍ക്കലയിലെ എല്ലാ ഹോട്ടലുകളിലും കര്‍ശനമാക്കും. 30 ഓളം ലൈഫ് ഗാര്‍ഡുകളുടെ സേവനവും പാപനാശം തീരത്ത് ഏര്‍പ്പെടുത്തും.
കോസ്റ്റ് ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും ബലി ഇടാന്‍ വരുന്ന ഭക്തജനങ്ങളില്‍ നിന്ന് അമിതമായി പണം ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫീസിന്റെ കാര്യത്തില്‍ ഏകോപനമുണ്ടാക്കുമെന്നും എംഎല്‍എ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചു എന്തെങ്കിലും നിര്‍ദേശമുണ്ടങ്കില്‍ 25 ന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും വാവുബലിതീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള യോഗം 25 ന് ദേവസ്വംമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുമെന്നും എംഎല്‍എ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്‍മാന്‍ അനീജോ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി, വര്‍ക്കല സിഐ സജീമോന്‍, എസ്‌ഐ ഷിജി, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ പ്രകാശ് എന്നിവര്‍പങ്കെടുത്തു.
















