അപ്പോൾ പ്രഹ്ലാദൻ പറഞ്ഞു: ഞാൻ ധർമ്മത്തെ സംരക്ഷിക്കുന്ന രാജാവാണ്. ബുദ്ധിഹീനരായ നിങ്ങൾ എന്താണീ പുലമ്പുന്നത്? നിങ്ങൾക്ക് പോരിന് ശക്തിയുണ്ടെങ്കിൽ അതാവാം. നിങ്ങളുടെ അഹങ്കാരം ഈ തീർത്ഥസ്ഥലത്ത് ഉചിതമല്ല. നരൻ ഉടനെ തന്നെ യുദ്ധത്തിന് തയ്യാറായി. ‘നിന്റെ തലയിപ്പോൾത്തന്നെ തകർത്തേക്കാം. പിന്നെ നിനക്ക് യുദ്ധക്കൊതി ഉണ്ടാവുകയില്ല‘ എന്നായി നരൻ.
ഉടനെതന്നെ പ്രഹ്ലാദൻ ഒരുറച്ച തീരുമാനത്തിലെത്തി. ‘ഏതുപായം കൊണ്ടാണെങ്കിലും ഞാനീ ഇരുവരെയും ജയിച്ചിട്ട് തന്നെ കാര്യം.’ പ്രഹ്ലാദൻ വില്ല് കുലച്ചു ഞാണൊലി മുഴക്കിനരനും വില്ലേന്തി. അദ്ദേഹം പ്രഹ്ലാദനുനേരെ ശരമാരി തന്നെ പ്രയോഗിച്ചു. തന്റെ നേരെ വന്ന ശരങ്ങളെ ദൈത്യരാജൻ തന്റെ തിളക്കമുള്ള കൈപ്പിടികളുള്ള ബാണങ്ങൾ കൊണ്ട് തടുത്തു.
തന്റെ അമ്പുകൾ മുറിഞ്ഞത് കണ്ടു നരൻ കുപിതനായി. പിന്നെ പ്രഹ്ലാദനുമേൽ മറ്റു ശരങ്ങൾ വർഷിച്ചു. അപ്പോഴെയ്‌ക്ക് പ്രഹ്ലാദൻ മുനിയുടെ നേരെ അമ്പുകളെയ്തു. നരനും രാജാവിന്റെ നെഞ്ചിലേയ്‌ക്ക് അസ്ത്രപ്രയോഗം നടത്തി. ദേവാദികൾ ആകാശത്തു നിന്നും യുദ്ധം വീക്ഷിച്ചു. മുനിയുടെയും പ്രഹ്ലാദന്റെയും സാമർത്ഥ്യം അവർ ആസ്വദിച്ചു. മേഘം മാരി പൊഴിക്കുന്നതുപോലെ രണ്ടു ഭാഗത്തു നിന്നും ശരമാരിയുണ്ടായി. രണ്ടാളും ഒന്നിനൊന്ന് മിടുക്കരായിരുന്നു.
ആകാശത്തു നിന്നും ദേവകൾ പൂക്കൾ വർഷിച്ചു. പ്രഹ്ലാദൻ യുദ്ധത്തിൽ നിന്നും ഒഴിഞ്ഞുനിന്നിരുന്ന നാരായണന് മേലും അസ്ത്രം പ്രയോഗിച്ചു. ശ്രീഹരിയും നിശിത ശരങ്ങളാൽ അസുരനെ എയ്തു. അങ്ങനെ ആകാശം ശരങ്ങളാൽ മൂടപ്പെട്ടു. ദേവാസുരന്മാർ ജയഘോഷം മുഴക്കി. ‘ഇത്ര ഘോരമായ യുദ്ധം എങ്ങും ഉണ്ടായിട്ടില്ല‘ എന്നവർ അത്ഭുതം കൂറി. ദേവർഷികൾ, സിദ്ധന്മാർ, ചാരണന്മാർ, ഗന്ധർവ്വന്മാർ, അപ്‌സരസ്സുകൾ, എല്ലാവരും അത്ഭുതചകിതരായി. നാരദനും പർവ്വത മഹർഷിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
തുടരും
















