ന്യൂദൽഹി: യോഗ്യത മാർക്ക് കടന്നിട്ടും മലയാളി അത്‌ലറ്റ് കെ.ടി. ഇർഫാന് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായില്ല. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാൻ യോഗ്യത നേടിയത്. ഇർഫാനടക്കം ആറ് പേർക്ക് യോഗ്യത നേടാനായെങ്കിലും മികച്ച പ്രകടനം കാഴ്ച വച്ച മൂന്ന് പേർക്ക് മാത്രമാണ് റിയോയിലേക്ക് പോകാൻ അവസരമുളളത്. ഇതോടെയാണ് ഇർഫാൻ പുറത്തായത്.
ഏറ്റവും മികച്ച സമയം കുറിച്ച മനീഷ് സിംഗ് റാവത്ത് (1മണിക്കൂർ 20.26 സെക്കന്റ്), ഗുർമീത് സിംഗ് (1 മണിക്കൂർ 20.29 സെക്കന്റ്), കെ. ഗണപതി (1 മണിക്കൂർ 21.52 സെക്കന്റ്) എന്നിവരാണ് ഇക്കുറി 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സിൽ മത്സരിക്കുക.
ജയ്‌പൂരിൽ നടന്ന നാഷണൽ റെയ്‌സ് വാക്ക് ചാമ്പ്യൻഷിപ്പിൽ ഒരു മണിക്കൂർ 22 മിനിറ്റ് 14 സെക്കന്റിൽ ഇർഫാൻ 20 കിലോമീറ്റർ പൂർത്തിയാക്കിയിരുന്നു. യോഗ്യത നേടാൻ ഒരു മണിക്കൂർ 24 മിനിറ്റാണ് വേണ്ടിയിരുന്നത്. 2012 ലണ്ടൻ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിച്ച ഇർഫാൻ അന്ന് 1:20:21 സെക്കന്റിൽ മത്സരം പൂർത്തിയാക്കി റെക്കോർഡിട്ടിരുന്നു.
















