ബെംഗളൂരൂ: അടുത്തമാസം ബ്രസീലിലെ റിയോ ഡി ജനിറോയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പി.ടി. ഉഷ. എന്നാൽ ഇന്ത്യയിൽ നിന്ന് പോകുന്ന അത്‌ലറ്റുകൾക്ക് റിയോ ഒരു മികച്ച അവസരമായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് ടിന്റു ലൂക്ക, ലളിത ബാബർ, സുധ സിംഗ് എന്നിവർക്ക് തങ്ങളുടെ ഇനത്തിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞേക്കുമെന്നും മുൻ സ്പ്രിന്റ് റാണി സൂചിപ്പിച്ചു.
ടിന്റു എണ്ണൂറ് മീറ്ററിലും സുധയും ലളിതയും മൂവായിരം മീറ്റർ സ്റ്റീപ്പിൾചേസിലുമാണ് പങ്കെടുക്കുന്നത്. 4-400 മീറ്റർ റിലേക്ക് യോഗ്യതാ പുരുഷ-വനിതാ ടീമുകളും മികച്ച പ്രകടനം നടത്തുമെന്നാണ് വിശ്വാസം. രാജ്യാന്തര മത്സരങ്ങളിലെ പ്രകടനം ടിന്റുവിന് റിയോയിൽ ആത്മവിശ്വാസം പകരുമെന്നും ഉഷ പറഞ്ഞു.
ഒളിമ്പിക്‌സ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദ്യുതി ചന്ദിനെയും ഉഷ അഭിനന്ദിച്ചു. നൂറ് മീറ്ററിൽ 11.21 സെക്കന്റിൽ ഫിനിഷ് ചെയ്യാൻ സാധിച്ച ദ്യുതിക്ക് സെമിഫൈനലിലേക്ക് യോഗ്യത നേടാനാകും. 11.26 സെക്കന്റാണ് ദ്യുതിയുടെ ഏറ്റവും മികച്ച പ്രകടനം. ദ്യുതി തന്നോട് നേരത്തെ തന്നെ ഉപദേശങ്ങൾ തേടിയിട്ടുണ്ടെന്നു ഉഷ വ്യക്തമാക്കി. അതേസമയം അവരിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. നൂറ് മീറ്ററിലേക്ക് യോഗ്യത നേടുന്നത് തന്നെ വലിയൊരു നേട്ടമാണ്.
ഇത്തവണ ധാരാളം ഇന്ത്യൻ താരങ്ങൾ റിയോയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എല്ലാവരും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന പ്രതീക്ഷയും ഉഷ പങ്കുവച്ചു.
















