മെൽബൺ: എലിയെ ജീവനോടെ കടിച്ചു തിന്നുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആസ്‌ട്രേലിയക്കാരന് വളർത്തുമൃഗങ്ങളെ പോറ്റുന്നതിന് മൂന്നു വർഷത്തെ വിലക്ക്. കൂടാതെ 100 മണിക്കൂർ സാമൂഹ്യ സേവനത്തിനും ശിക്ഷ വിധിച്ചു. 89 ആസ്‌ട്രേലിയൻ ഡോളർ കോടതി നടത്തിപ്പുകൾക്കായും നൽകണം.
മാഡ് മാറ്റ് എന്നറിയപ്പെടുന്ന ഇരുപത്തഞ്ചുകാരനായ മാത്യു മലോനിയാണ് അതിക്രൂരമായ ഈ വീഡിയോ ഫേസ്ബുക്കിലിട്ടത്. ബ്രിസ്‌ബെയ്‌നിലെ ആൽബിയൻ സ്വദേശിയാണ് മലോനി. എലിയെ വലിയൊരു ബോക്‌സിൽനിന്ന് പുറത്തെടുക്കുന്നതും അതിന്റെ തലയിൽ കടിക്കുന്നതും വോഡ്ക്ക കുടിക്കുന്നതുമെല്ലാം ലക്ഷക്കണക്കിന് ആളുകൾ ഇതിനകം കണ്ടുകഴിഞ്ഞു. മലോനി വളർത്തുന്ന എലികളിൽ ഒന്നാണിത്. ഒരു തരത്തിലും പൊറുക്കാനാവാത്ത ക്രൂരതയെന്നാണ് ബ്രിസ്‌ബെയ്ൻ മജിസ്‌ട്രേറ്റ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.
മനുഷ്യന്റേതെന്ന് തോന്നുന്ന ഒരു സ്വഭാവ വിശേഷവും അതിൽ കാണാനില്ല. പ്രശംസനീയമെന്ന് പറയാവുന്നതൊന്നും തന്നെ അതിൽ കണ്ടെത്താനുമാവില്ലെന്ന് മജിസ്‌ട്രേറ്റ് സുസേറ്റ് കോട്‌സ് പറഞ്ഞു. കോടതി വിധി അംഗീകരിക്കുന്നെങ്കിലും താൻ ചെയ്തത് അത്രവലിയ തെറ്റൊന്നുമല്ലെന്നാണ് മലോനിയുടെ നിലപാട്.















