ലണ്ടൻ: ആതിഥേയതാരവും ലോക രണ്ടാം നമ്പറുമായ ആൻഡി മുറെക്ക് വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ ആറാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് മുൻ ചാമ്പ്യനായ മുറെ കിരീടം തിരിച്ചുപിടിച്ചത്. സ്‌കോർ: 6-4, 7-6 (7-3), 7-6 (7-2). രണ്ട് മണിക്കൂറും 48 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മുറെ കിരീടം സ്വന്തമാക്കിയത്.
ആദ്യ സെറ്റ് അനായാസമായി ജയിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ റാവോനിക്ക് കനത്ത വെല്ലുവിളി ഉയർത്തി. എന്നാൽ തന്റെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത മുറെ ടൈബ്രേക്കറിലാണ് രണ്ട് സെറ്റുകളും നേടിയത്. വിംബിൾഡണിൽ മുറെയുടെ രണ്ടാം കിരീടമാണിത്. 2013-ൽ മുറെ ഇവിടെ ചാമ്പ്യനായിരുന്നു. 2012-ൽ യുഎസ് ഓപ്പണിലും മുറെക്കായിരുന്നു കിരീടം.
















