വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം നേടിയ സെറീന സഹോദരി വീനസിനൊപ്പം
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം നേടി ചരിത്രം കുറിച്ചതിന് പിന്നാലെ ഡബിൾസ് കിരീടവും സെറീനയ്‌ക്ക്. സഹോദരി വീനസ് വില്യംസുമൊത്താണ് സെറീന ഡബിൾസിൽ കിരീടം സ്വന്തമാക്കിയത്. അഞ്ചാം സീഡായ കസാക്കിസ്ഥാന്റെ യാരോസ്ലാവ ഷ്വദോവ ഹംഗറിയുടെ ടിമേയ ബാബോസ് സഖ്യത്തെയാണ് വില്ല്യംസ് സഹോദരികൾ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കിരീടം നേടിയത്.
സ്‌കോർ: 6-3, 6-4. വിംബിൾഡൺ ഡബിൾസിൽ ഇരുവരുടെയും ആറാം കിരീട നേട്ടം. ഇതിനു മുമ്പ് 2000, 2002, 2008, 2009, 2012 എന്നീ വർഷങ്ങളിലാണ് വില്ല്യംസ് സഹോദരികൾ ഡബിൾസ് കിരീടം ചൂടിയത്. ഇരുവരും ചേർന്നുള്ള 14-ാം ഗ്ലാൻസ്ലാം കീരീടം കൂടിയാണ് ഇത്തവണത്തേത്.
ഓസ്‌ട്രേലിയൻ ഓപ്പണിൽ 2001, 2003, 2009, 2010 വർഷങ്ങളിലും ഫ്രാഞ്ച് ഓപ്പണിൽ 1999, 2010, യുഎസ് ഓപ്പണിൽ 1999, 2009 വർഷങ്ങളിലുമാണ് ഇരുവരും ചേർന്ന് വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കിയത്. മാക്‌സ് മിർനിക്കൊപ്പം രണ്ട് മിക്‌സഡ് ഡബിൾസ് കിരീടവും സെറീന നേടിയിട്ടുണ്ട്. 1998-ൽ വിംബിൾഡണും 1999-ൽ യുഎസ് ഓപ്പണറുമാണ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ.
കഴിഞ്ഞ ദിവസം വനിതാ സിംഗിൾസിൽ ജർമ്മൻ താരം ആഞ്ചലിക് കെർബറെ കീഴടക്കിയാണ് സെറീന വില്യംസ് കരിയറിലെ 22-ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ ഗ്രാൻഡ് സ്ലാം കിരീടനേട്ടത്തിൽ ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിനൊപ്പമെത്തുകയും ചെയ്തു. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ സർവ്വകാല റെക്കോർഡാണ് ഇനി സെറീനക്കുമുന്നിലുള്ള ലക്ഷ്യം.
ഇപ്പോഴത്തെ പ്രകടനം വച്ചുനോക്കിയാൽ ഇതും സെറീന തകർക്കാനാണ് സാധ്യത. മുപ്പത്തിനാലാം വയസ്സിലും പതിനേഴിന്റെ ആവേശത്തോടെയും ചുറുചുറുക്കോടെയും വിംബിൾഡൺ കോർട്ടിൽ നിന്ന് കിരീടം നേടിയ സെറീന വില്യംസ് എന്ന കറുത്തമുത്ത് ചാടിക്കളിക്കുന്നതു കണ്ട് കായികലോകം അസൂയോടെ നോക്കിനിന്നു.
ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടുമ്പോൾ വെറും 17 വയസ്സായിരുന്നു സെറീനക്ക്. 1998-ൽ ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ കളിക്കാനിറങ്ങിയ സെറീനക്ക് ആദ്യ വർഷം കിരീടമൊന്നുമില്ല. 1999-ൽ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം യുഎസ് ഓപ്പണിലൂടെ. അന്ന് ലോക ഒന്നാം നമ്പറായിരുന്ന മാർട്ടിന ഹിംഗിസിനെ നേരിട്ടുള്ള സെറ്റുകളിൽ ഫൈനലിൽ തോൽപ്പിച്ചു കിരീടം നേടുമ്പോൾ സെറീനക്ക് പ്രായം 17 വയസ്സ്.
പിന്നീട് രണ്ട് വർഷത്തെ കിരീടമില്ലാത്ത ഇടവേള. 2002-ൽ മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. ഫ്രഞ്ച്, വിംബിൾഡൺ, യുഎസ് ഓപ്പണുകൾ. 2003-ൽ ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡണും. ഇതോടെ കരിയർ സ്ലാം തികച്ചു. 2004-ൽ കിരീടമില്ല. 2005-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ, 2006- വീണ്ടും കിരീടമില്ലാത്ത വർഷം. തൊട്ടടുത്ത വർഷം വീണ്ടും ഓസ്‌ട്രേലിയൻ ഓപ്പൺ. 2008 യുഎസ് ഓപ്പൺ, 2009,10 വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പണും വിംബിൾഡണും. 2011-ൽ വീണ്ടും കിരീടമില്ലാത്ത വർഷം. 2012-ൽ വിംബിൾഡൺ, യുഎസ് ഓപ്പൺ, 2013-ൽ ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ, 2014-ൽ യുഎസ് ഓപ്പൺ, കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ, ഫ്രഞ്ച്, വിംബിൾഡൺ, ഈ വർഷം വിംബിൾഡൺ എന്നിങ്ങനെയാണ് 18 വർഷം നീണ്ട കരിയറിലെ സെറീനയുടെ ഗ്രാന്റ് സ്ലാം നേട്ടങ്ങൾ.
ഈ വർഷം ഓസ്‌ട്രേലിയൻ, ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്തുമായിരുന്നു സെറീന. ഓസ്‌ട്രേലിയൻ ഓപ്പണിൽ കെർബറോടും ഫ്രഞ്ച് ഓപ്പണിൽ മുഗുരസയോടുമാണ് സെറീന ഈ വർഷം ഫൈനലിൽ കീഴടങ്ങിയത്. ഈ രണ്ട് പരാജയങ്ങൾ കൂടാതെ നാല് തവണകൂടി സെറീനക്ക് കലാശപ്പോരാട്ടത്തിൽ കാലിടറിയിട്ടുണ്ട്. 2001-ലെ യുഎസ് ഓപ്പൺ, 2004, 2008 വർഷങ്ങളിലെ വിംബിൾഡൺ, 2011ലെ യുഎസ് ഓപ്പൺ എന്നിവയാണ് മറ്റുള്ളവ.
















