ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ലോക ഒന്നാംനമ്പർ സെറീന വില്യംസ് നിലനിർത്തി. ഇന്നലെ നടന്ന ഫൈനലിൽ നാലാം സീഡ് ജർമ്മനിയുടെ ആഞ്ചലിക് കെർബറെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന കിരീടം ചൂടിയത്. ഒരു മണിക്കൂറും 21 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 7-5, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം.
ഇതോടെ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന ടെന്നീസ് ഇതിഹാസം സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോർഡിനൊപ്പം സെറീനയെത്തി. സെറീനയുടെ ഏഴാം വിംബിൾഡൺ കിരീടനേട്ടമാണിത്. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന്റെ തനിയാവർത്തനമായിരുന്നു ഇന്നത്തെ വിംബിൾഡൺ ഫൈനൽ. അന്ന് സെറീനയെ അട്ടിമറിച്ച് കെർബർ കിരീടം സ്വന്തമാക്കി. ആ പരാജയത്തിന് പകരം വീട്ടാനും ഇന്നലെ സെറീനക്കായി.
















