ചേര്‍ത്തല: വടക്കേ അങ്ങാടിക്കവല വികസനത്തിന് ബജറ്റില്‍ തുക വകയിരുത്തിയില്ല, പദ്ധതിയുടെ ഭരണാനുമതിയും റദ്ദായി. ചേര്‍ത്തല നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് മൂന്നുവര്‍ഷത്തോളം മുമ്പാണ് 3.35 കോടി രൂപ വടക്കേ അങ്ങാടിക്കവല വികസനത്തിന് അനുവദിച്ചത്.
സ്ഥലം ഏറ്റെടുക്കുന്നതിന് 1.60 കോടിയും കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിന് ഒരുകോടിയും ടാറിങ്, ഫുട്പാത്ത്, മീഡിയന്‍ തുടങ്ങിയവയ്‌ക്ക് 70.5 ലക്ഷവും ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ നീക്കുന്നതിന് 4.40 ലക്ഷവുമാണ് വകയിരുത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് മരവിച്ചു.
വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജ് ഉള്‍പ്പെടെ ചര്‍ച്ച ചെയ്‌തെങ്കിലും അന്തിമതീരുമാനം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും ഇത് സാധിക്കാതെ വന്നതോടെ ഭരണാനുമതി റദ്ദായി.
തുടര്‍ന്ന് ബജറ്റില്‍ തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കവലകളുടെ വികസനത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച ഫണ്ടും മുമ്പ് നഷ്ടമായിരുന്നു.നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള റോഡിന് 20 മീറ്റര്‍ വരെ വീതിയാക്കുന്നതായിരുന്നു പദ്ധതി.
അഞ്ച് റോഡുകള്‍ കൂട്ടിമുട്ടുന്ന കവലയില്‍ തെക്കോട്ട് കോണ്‍വെന്റ് റോഡിലേക്ക് 15 മീറ്റര്‍ വീതിയുംപഴയ എന്‍എച്ച് റോഡിലേക്ക് കിഴക്കും പടിഞ്ഞാറും 20 മീറ്ററുംവയലാര്‍ റോഡിലേക്ക് 15 മീറ്ററും മുട്ടം ബസാര്‍ റോഡിലേക്ക് 15 മീറ്റര്‍ വീതിയുമാണ് വികസിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നത്.
















