ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സാമൂഹിക പ്രവര്‍ത്തകനും ഈദി ഫൗണ്ടേഷൻ സ്ഥാപകനുമായ അബ്ദുൽ സത്താർ ഈദി (92) അന്തരിച്ചു. ഈദിയുടെ മകന്‍ ഫൈസലാണ് മരണവിവരം പുറത്തുവിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് കറാച്ചിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവർത്തനം നിലച്ചതാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൻ ഫൈസൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ജീവിക്കുന്ന സന്യാസി’ എന്നാണ് ഈദിയെ എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും അറിയപ്പെടുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ഈദി ഫൗണ്ടേഷന്‍. അശരണരും നിരാലംബരുമായവർക്കും വേണ്ടി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഈദി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്.
ഈദി ഫൗണ്ടേഷന് സ്വന്തമായി 1500 ആംബുലൻസുകൾ ഉണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ചു നിരവധി തവണ നൊബേൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. താൻ ചെയ്ത പ്രവർത്തനങ്ങളിലൂടെ ജീവിതത്തിൽ തൃപ്തനാണെന്നു ഈ വർഷം ആദ്യം എഎഫ്പിക്കു നൽകിയ അഭിമുഖത്തിൽ ഈദി പറഞ്ഞിരുന്നു.
ദൈവം അദ്ദേഹത്തിന് സ്വർഗത്തിൽ ഏറ്റവും മനോഹരമായ ഇടം നൽകട്ടെ എന്നു പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ നൽകുമെന്നും ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈദിക്ക് വിദേശത്ത് ചികിത്സ നൽകാമെന്ന് ഷെരീഫ് സർക്കാർ പറഞ്ഞെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. സ്വന്തം രാജ്യത്തെ സർക്കാർ ആശുപത്രിയിൽ തന്റെ ചികിത്സ നടത്തതിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്. രാജ്യത്തുടനീളം അനാഥാലയങ്ങൾ, മെഡിക്കൽ ക്ലിനിക്കുകൾ എന്നിവ ഈദി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്.
ഭാരത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഈദിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
















