കണ്ണൂര്‍: തീയ്യമഹാസഭ ഉള്‍പ്പെടുന്ന ദേശീയ ഒപിസി മുന്നണിയുടെ ഭാഗമായ കുറുമി സമുദായാംഗവും അപ്നാദള്‍ നേതാവുമായ അനുപ്രിയ സിംഗ് പട്ടേലിന് (യുപി) കേന്ദ്രമന്ത്രിസഭയില്‍ അംഗത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണ്ണൂരില്‍ ചേര്‍ന്ന തീയ്യമഹാസഭ ജില്ലാ നേതൃത്വ യോഗം അഭിനന്ദനമര്‍പ്പിച്ചു. അനുപ്രിയാ പട്ടേലിന്റെ സ്ഥാനാരോഹണം കുറുമി-ജാട്ട്, പട്ടേല്‍-തിയ്യ സമുദായങ്ങള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തി വര്‍ദ്ധിച്ചതിന്റെ സൂചനയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന തീയ്യ മഹാസംഗമത്തില്‍ അനുപ്രിയ പട്ടേലിനെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഇ.എ.ശ്യാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ.രാജീവന്‍, സുമേഷ് അഞ്ചരക്കണ്ടി, സുശീല്‍ കുമാര്‍, പി.സുജാത എം.കവിത എന്നിവര്‍ പ്രസംഗിച്ചു. ടി.സുരേഷ് കുമാര്‍ സ്വാഗതവും പി.സുധീഷ് നന്ദിയും പറഞ്ഞു.
















