ലണ്ടൻ: വിഖ്യാത ചെക്ക് റിപ്പബ്ലിക്ക് ഗോൾകീപ്പർ പീറ്റർ ചെക്ക് രാജ്യാന്തര ഫുട്‌ബോളിനോട് വിടപറഞ്ഞു. ദേശീയ ടീമിനോട് വിടപറഞ്ഞെങ്കിലും 34-കാരനായ ചെക്ക് ക്ലബ് ഫുട്‌ബോളിൽ തുടരും. ട്വിറ്ററിലാണു താരം വിരമിക്കൽ തീരുമാനം അറിയിച്ചത്.
യൂറോ കപ്പിൽ ചെക്ക് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 2002 മുതൽ ദേശീയ ടീമിൽ അംഗമായ ചെക്ക് 124 മത്സരങ്ങളിൽ ജേഴ്‌സിയണിഞ്ഞു.രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ബഹുമതി ചെക്കിന് സ്വന്തം.
2004-ലെ യൂറോ കപ്പിലാണ് ചെക്ക് രാജ്യാന്തര അരങ്ങേറ്റം നടത്തുന്നത്. ഈ ടൂർണമെന്റിൽ ചെക്ക് റിപ്പബ്ലിക് മൂന്നാം സ്ഥാനത്തു വന്നു. 2006 ലോകകപ്പിൽ ടീമിന്റെ ഗോൾ വല കാത്ത ചെക്ക് 2008 യൂറോ കപ്പിൽ ടീമിനെ നയിക്കുകയും ചെയ്തു.
ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഗോൾവല ദീർഘകാലം കാത്ത ചെക്ക് കഴിഞ്ഞ സീസണിലാണ് ആഴ്‌സണലിലേക്ക് കൂടുമാറിയത്.
















